കൊച്ചി കോന്തുരുത്തിയിൽ ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. ലൈംഗികബന്ധത്തിന് ശേഷമുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ് സ്ഥിരീകരിച്ചു. കോന്തുരുത്തി സ്വദേശിയായ ജോർജ് ആണ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം ചാക്കിൽക്കെട്ടി മറവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി മദ്യലഹരിയിൽ ഉറങ്ങിപ്പോയതാണ് സംഭവം പുറത്തറിയാൻ കാരണമായതെന്നും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെയാണ് ജോർജിന്റെ വീടിന് മുന്നിലെ വഴിയിൽ അർധനഗ്‌നമായ നിലയിൽ, ചാക്കിൽക്കെട്ടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിലായി മദ്യലഹരിയിലായിരുന്ന ജോർജും ഇരിക്കുന്നുണ്ടായിരുന്നു. ഹരിത കര്‍മസേനാംഗങ്ങളാണ് ആദ്യം മൃതദേഹം കണ്ടത്. ഇവർ വിവരം വാർഡ് കൗൺസിലറെയും തുടർന്ന് പോലീസിനെയും അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഉടൻതന്നെ ജോർജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ആദ്യഘട്ടത്തിൽ, മരിച്ചത് ആരാണെന്നോ മൃതദേഹം എങ്ങനെ ഇവിടെയെത്തിയെന്നോ തനിക്കറിയില്ലെന്നായിരുന്നു ജോർജിന്റെ മൊഴി. മൃതദേഹം കണ്ട് ഭയന്ന് അവിടെ ഇരുന്നുപോയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ, പോലീസ് സംഘം കൂടുതൽ തെളിവുകൾ നിരത്തിയതോടെ ജോർജ് കുറ്റം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് എറണാകുളം സൗത്തിൽനിന്ന് ജോർജ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇതിന് മുൻപ് ഇയാൾ ഭാര്യയെ മകളുടെ വീട്ടിലാക്കിയിരുന്നു. മകളുടെ വീട്ടിലെ പിറന്നാളാഘോഷം കഴിഞ്ഞ് ജോർജ് ഒറ്റയ്ക്ക് കോന്തുരുത്തിയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് സ്ത്രീയെ കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് ഇരുവരും ലൈംഗികബന്ധത്തിലേർപ്പെട്ടു. ഇതിന് ശേഷം പണത്തെ ചൊല്ലി സ്ത്രീയും ജോർജുമായി തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ കമ്പിപ്പാര കൊണ്ട് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ജോർജിന്റെ മൊഴി.
കൊലപാതകത്തിന് ശേഷം മൃതദേഹം ഓടയിൽ മറവുചെയ്യാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി ചാക്കുകൾ സംഘടിപ്പിച്ച ഇയാൾ മൃതദേഹം ചാക്കിലാക്കി കയർകെട്ടി വഴിയിലെത്തിച്ചു. എന്നാൽ, ആ സമയത്ത് മദ്യലഹരിയിലായിരുന്ന ജോർജ് ഉറങ്ങിപ്പോവുകയായിരുന്നു. ഈ സമയം നാട്ടുകാരാണ് വഴിയിൽ ചാക്കിൽക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടത്.
ജോർജ് ഹോം നഴ്‌സായി ജോലി ചെയ്തിരുന്നയാളാണ്. ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്; മകൻ യുകെയിലും മകൾ പാലായിലുമാണ്. സംഭവം നടക്കുമ്പോൾ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നില്ല. മദ്യപാനിയാണെങ്കിലും ജോർജ് മുൻപ് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ശല്യക്കാരനല്ലെന്നും സമീപവാസികൾ പറഞ്ഞു. മരിച്ച സ്ത്രീ പ്രദേശവാസിയല്ലെന്നാണ് വാർഡ് കൗൺസിലറും നാട്ടുകാരും നൽകുന്ന വിവരം.
















