വടകര: മേപ്പയിലെ ശ്രീനാരായണ മന്ദിരം റോഡ് നന്നാക്കുമെന്ന വാഗ്ദാനം കൂടെ പറഞ്ഞ് കുത്തിപ്പൊളിച്ചെങ്കിലും, മഴ കഴിഞ്ഞിട്ടുംപുനർ നിർമാണം ഇതുവരെ നടത്തിയില്ല. മഴമൂലം പുഴയായി മാറിയ ഈ റോഡ് ഇപ്പോഴും കുണ്ടും കുഴിയുമായി യാത്രക്കാരെ വലയിക്കുന്നു.
കുണ്ടും കുഴിയുമായി വാഹനങ്ങൾക്കു കടന്നുപോകാൻ ബുദ്ധിമുട്ടായ റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തട്ടി നിരപ്പാക്കുകയായിരുന്നു. മഴയിൽ പുഴയായി മാറിയ റോഡിൽ കാൽനട പോലും അസാധ്യമായി. അങ്കണവാടിക്ക് സമീപമാണ് ആദ്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിരപ്പാക്കിയത്. മഴ മാറിയതോടെ ഐപിഎം സ്പോർട്‌സ് അക്കാദമിക്ക് സമീപവും തട്ടി നിരപ്പാക്കി.
മാക്കൂൽപീടിക കയറ്റത്തിൽ, പഴയ ബീഡി കമ്പനിക്ക് സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണുള്ളത്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ് ഇവിടെ ഇപ്പോൾ.
നഗരസഭയിലെ മിക്ക റോഡുകളിലെയും കുണ്ടും കുഴിയുമുള്ള ഭാഗം തട്ടി നിരപ്പാക്കിയതിൽ ചിലതൊക്കെ ടാർ ചെയ്തു. എന്നാൽ ആദ്യം നന്നാക്കാനിരുന്ന ശ്രീനാരായണ മന്ദിരം റോഡ് അതേപടി കിടക്കുകയാണ്. അങ്കണവാടിക്ക് സമീപമുള്ള പഴയ ഓവുപാലം വീതി കൂട്ടുകയും, റോഡിന്റെ നിലം ഉയർത്തുകയും വേണമെന്ന് നാട്ടുകാർ ആവശ്യമുന്നയിക്കുന്നു. ഈ മേഖലയിലെ സ്ഥിരമായ വെള്ളക്കെട്ടിന് സ്ഥിര പരിഹാരം അനിവാര്യമെന്നതാണ് എല്ലാവരുടെയും അഭിപ്രായം.
















