ജിദ്ദ: സ്‌മാർട്ട് ഫോൺ വ്യാജമായി നിർമ്മിച്ച പ്രവാസി തൊഴിലാളികളുടെ കൂട്ടത്തെ വാണിജ്യ മന്ത്രാലയം പിടികൂടി. ജിദ്ദ നഗരത്തിൽ നടത്തിയ പരിശോധനയിൽ 1,196 വ്യാജ സ്മാർട്ട്ഫോണുകളും ഹെഡ്ഫോണുകളും, കൂടാതെ 3,22,000-ത്തിലധികം ചാർജറുകൾ, സ്റ്റിക്കറുകൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളും അധികൃതർ പിടികൂടി.
റിയാദിൽ നിന്നും പിടികൂടിയ വ്യാജ ഫോൺ കേസിന്റെ അന്വേഷണം ജിദ്ദയിലേക്ക് വ്യാപിപ്പിച്ചപ്പോൾ നടത്തിയ റെയ്ഡിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ രണ്ട് പേർ ഏഷ്യൻ വംശജരും ഒരാൾ അറബ് വംശജനുമാണ്.
ചൈനീസ് സ്മാർട്ട്ഫോണുകൾ റീപ്രോഗ്രാം ചെയ്ത് രണ്ട് പ്രശസ്ത ബ്രാൻഡുകളുടെ ലോഗോകൾ പതിച്ചു വിൽപ്പനയ്‌ക്കൊരുക്കുകയായിരുന്നു. പ്രവർത്തന കേന്ദ്രം അധികൃതർ അടച്ചുപൂട്ടി. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
















