കൊച്ചി: യുവമോർച്ച ജില്ലാ സെക്രട്ടറി എറണാകുളം പെരുമാനൂര്‍ ക്ലിന്റ് റോഡ് ആലുങ്കല്‍ വീട്ടില്‍ ഗോപു പരമശിവന് (32) എതിരെ ഗുരുതര ആരോപണവുമായി ഒപ്പം താമസിച്ചിരുന്ന യുവതി. ഇയാളിൽ നിന്നും ക്രൂരമായ മർദനമാണ് നേരിട്ടിരുന്നതെന്ന് യുവതി പറഞ്ഞു. ബെൽറ്റും ചാർജർ കേബിളും ഷൂസും ചട്ടുകവും ഉപയോഗിച്ച് മർദനം പതിവാണ് എന്ന് യുവതി വെളിപ്പെടുത്തി. തല്ലിയ ശേഷം ഗോപു ചിത്രങ്ങൾ എടുത്ത് സൂക്ഷിക്കും. തന്നെ ഉപദ്രവിക്കുന്നത് ഹരമാണെന്ന് ഗോപു പറയുമെന്നും യുവതി പറഞ്ഞു.

ഹെൽമെറ്റ് താഴെവെച്ചുവെന്ന നിസാര കാരണത്തിനായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം എന്നും യുവതി വെളിപ്പെടുത്തി. “അഞ്ചു വർഷമായി അയാൾക്കൊപ്പമാണ് താമസം. എന്നാൽ ഞങ്ങളുടെ ബന്ധുക്കൾക്ക് അല്ലാതെ വേറെ ആർക്കും ഒന്നിച്ച് താമസിക്കുന്ന കാര്യം അറിയില്ല. ബാക്കിയുള്ളവരോട് ഗോപു പറഞ്ഞിരുന്നത് അയാൾ സിംഗിൾ ആണെന്ന് ആയിരുന്നു. എന്നും യുവതി പറഞ്ഞു.
അഞ്ചുവർഷമായി അവിടെ ഇട്ട് എന്നെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. ബോധം കെട്ട് ഞാൻ വീണു.
മേശപ്പുറത്ത് ഇരുന്ന ഹെൽമെറ്റ് ഞാൻ താഴെ വച്ചു എന്ന കാരണം കൊണ്ട് ആണ് ഇന്നലെ എന്നെ മർദിച്ചത്.
ഞാൻ മരിച്ചെന്ന് കരുതിയിട്ടാവാം എന്നെ ഇട്ടിട്ട് പോയത്. ബോധം വന്നപ്പോൾ അയാളെ കാണാനില്ല. വേഗം വസ്ത്രം ധരിച്ച് സഹോദരിയുടെ അടുത്തേക്ക് പോയി- യുവതി പറയുന്നു. ശരീരത്തിൽ ആകെ ഉപദ്രവിച്ചതിന്റെ പാടുകളാണ്. എല്ലാ ദിവസവും ഉപദ്രവിക്കും എന്നും യുവതി പറഞ്ഞു. എന്റെ കുട്ടികളെ കൊല്ലും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടാണ് ഇത്രയും നാൾ ഞാൻ ഇയാൾക്ക് ഒപ്പം നിന്നത്. ഇപ്പോൾ എന്റെ ജീവന് ഭീഷണി ആയതുകൊണ്ടാണ് അവിടന്ന് വീടുവിട്ടിറങ്ങിയത് എന്നും യുവതി പറഞ്ഞു.
അയാൾ പുറത്തുപോകുമ്പോൾ ഞാൻ വീടിനകത്തിരിക്കും. വീട് പുറത്ത് നിന്ന് പൂട്ടിയിടും. ആർക്കും ഇതേക്കുറിച്ച് അറിയില്ല.
ബന്ധുക്കൾ ആരെങ്കിലും ഫോൺ ചെയ്താൽ ഇയാൾ അടുത്ത് നിന്ന് എന്ത് സംസാരിക്കണമെന്ന് പറഞ്ഞു തരും. വടിയും കൈയിൽ ഉണ്ടാകും. അതുകൊണ്ട് അവൻ പറയുന്നതേ സംസാരിക്കാൻ സാധിക്കൂ എന്നും യുവതി വെളിപ്പെടുത്തി.യുവതിയുടെ പരാതിയിൽ മരട് പോലീസ് ഗോപുവിനെതിരേ വധശ്രമത്തിന് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
















