‘ഡോ. എൻ. ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്‌കാരം’ കേരളത്തിലെ സർവ്വകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ഡിഗ്രി നൽകപ്പെട്ട ഏറ്റവും മികച്ച ഹിന്ദി ഗവേഷണ പ്രബന്ധത്തിന് പത്മശ്രീ ഡോക്ടർ എൻ. ചന്ദ്രശേഖരൻ നായർ (സ്ഥാപകൻ & മുൻ ചെയർമാൻ, കേരള ഹിന്ദി സാഹിത്യ അക്കാദമി) 2018-ൽ ഏർപ്പെടുത്തിയിട്ടുള്ളതാണ്. 2018 മുതൽ വർഷം തോറും കൊടുക്കുന്ന ഈ പുരസ്‌കാരം 50,000 രൂപയും സ്തുതിഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ്.
ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്‌കാരത്തിൻ്റെ 2025-ലെ വിജയിയെ പ്രഖ്യാപിച്ചു. കേരള സർവ്വകലാശാലയിൽ നിന്നും 2025-ൽ “കാശിനാഥ് സിംഹ് കേ ഉപന്യാസോം മേം സാമാജിക് ചേതന” എന്ന വിഷയത്തിൽ ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ആതിരാ ബാബുവാണ് പുരസ്കാരത്തിന് അർഹയായിരിക്കുന്നത്. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അനുസൃതമായി യുവതലമുറയുടെ സാമൂഹ്യ സാംസ്കാരിക തലങ്ങളിലൂടെയുള്ള സഞ്ചാര ദിശയുടെ സമഗ്ര പഠനമാണ് പ്രശസ്ത ഹിന്ദി കഥാകാരൻ ശ്രീ. കാശിനാഥ് സിംഹിൻ്റെ നോവലുകളെ ആസ്പദമാക്കിയുള്ള ഈ ഗവേഷണ പ്രബന്ധം.
പരേതനായ പത്മശ്രീ ഡോ.എൻ.ചന്ദ്രശേഖരൻ നായരുടെ 103-ാം ജന്മദിനമായ ഡിസംബർ 28-ന് കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ 45-ാം വാർഷികസമ്മേളനത്തിൽ തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വൈ.എം.സി.എ. ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകുന്നതാണ്. അക്കാദമി രൂപീകരിച്ച സ്വതന്ത്ര വിദഗ്ദ്ധ സമിതിയാണ് മികച്ച ഗവേഷണ വിജയിയെ തെരഞ്ഞെടുത്തത്. ഹിന്ദി ഗവേഷണ പ്രബന്ധത്തിന് കേരളത്തിൽ നിന്നും നൽകുന്ന ഏറ്റവും വലിയ പുരസ്കാരം ആണ് ഇത്.
















