അഴിയൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഐഎൻഎൽ മത്സര രംഗത്ത് നിന്ന് പിന്മാറി. സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതോടെ അഴിയൂർ പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഐഎൻഎൽ ബഹിഷ്കരിച്ചു.
വിജയ സാധ്യതയുള്ള വാർഡുകൾ നൽകണമെന്ന ഐഎൻഎൽ ആവശ്യത്തെ എൽഡിഎഫ് തള്ളിയതോടെയാണ് തീരുമാനം കൂടുതൽ ശക്തമായത്. പല ചർച്ചകളും നടന്നെങ്കിലും പ്രതീക്ഷിച്ച സീറ്റ് ലഭിക്കാത്തതിനാൽ ഐഎൻഎൽ അതൃപ്തി പ്രകടിപ്പിച്ചു. യുഡിഎഫിന് ശക്തമായ മേൽക്കോൾ ഉള്ള വാർഡുകളിൽ മാത്രമെ മത്സരിക്കാനാവൂ എന്ന നിർദേശവും ഐഎൻഎൽ അംഗീകരിച്ചില്ല.
മൂന്ന് വാർഡുകളിൽ തനിച്ച് മത്സരിക്കണമെന്ന ആശയം ഉയർന്നുവെങ്കിലും നേതൃത്വം അതിന് പിന്തുണ നൽകിയില്ല. ഇതോടെ പാർട്ടി മത്സരരംഗത്ത് നിന്ന് പൂർണ്ണമായി പിന്മാറി. കഴിഞ്ഞ ദിവസം കുഞ്ഞിപ്പള്ളിടൗണിലെ ഓഡിറ്റോറിയത്തിൽ നടന്ന ഇടതു കൺവൻഷനും ബഹിഷ്കരിച്ചു.
പോളിംഗ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് യോഗം ചേർന്ന് ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കുമെന്ന് ഐഎൻഎൽ വ്യക്തമാക്കി. എസ്‌ഡിപിഐയ്ക്കും ബിജെപിക്കും വോട്ട് ചെയ്യുന്നില്ലെന്നും ഐഎൻഎൽ നേതൃത്വം അറിയിച്ചു.
















