കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങളും സംശയനിവാരണത്തിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടറുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം സംഘടിപ്പിച്ചു.
യോഗത്തിൽ മാതൃകാ പെരുമാറ്റ ചട്ടവും ഹരിത പെരുമാറ്റ ചട്ടവും വിശദീകരിച്ചു. ഈ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ല കളക്ടർ രാഷ്ട്രീയ പാർട്ടികളോട് നിർദേശിച്ചു.
ഹരിത പ്രോട്ടോകോൾ പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ ഒരുക്കിയിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ പാലിക്കാത്തവർക്ക് കടുത്ത നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ അറിയിച്ചു.
പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പ്രചരണ ബോർഡുകൾ ഉടൻ നീക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകി. സ്ഥാനാർഥികളും പ്രവർത്തകരും പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് പാർട്ടികൾ ഉറപ്പാക്കണമെന്നും വ്യക്തികളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്നും കളക്ടർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ കൃത്യമായ നടത്തിപ്പിന് രാഷ്ട്രീയ പാർട്ടികളുടെ സഹകരണം ആവശ്യമാണ് എന്ന് ജില്ലാ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ ജോസഫ് തോമസ് അഭ്യർഥിച്ചു.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻറ് കളക്ടർ എസ്. മോഹന പ്രിയ, എഡിഎം സി. മുഹമ്മദ് റഫീഖ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപികാ ഉദയൻ, വിവിധ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
















