മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് സന്ദീപ് പ്രദീപ്. സന്ദീപിന്റെ തലകണ്ട സിനിമകളെല്ലാം ഹിറ്റാണ്. ഫാലിമി, ആലപ്പുഴ ജിംഖാന, പടക്കളം തുടങ്ങിയ ചിത്രങ്ങളും വിജയങ്ങളായിരുന്നു. ‘പടക്കളം’ എന്ന സിനിമയിലൂടെ നടന്റെ പുതിയൊരു മുഖം പ്രേക്ഷകർ കണ്ടു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘എക്കോ’യ്ക്ക് ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മനോരമ വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘എണ്ണത്തേക്കാൾ ചെയ്യുന്ന കഥാപാത്രങ്ങളും സിനിമയും മികച്ചതാവണം എന്നാണ് എന്റെ ആഗ്രഹം. കഴിഞ്ഞ സിനിമയിലെ കഥാപാത്രവുമായി അടുത്ത സിനിമയിലെ റോളിന് ബന്ധമുണ്ടാകരുതെന്നു നിർബന്ധമുണ്ട്. എന്റെ പ്രായത്തിനും പക്വതയ്ക്കും യോജിച്ച ചിത്രങ്ങൾ ചെയ്യുക. നല്ല ടീമുകളുടെ ഭാഗമാക്കുക അതിനാണ് ശ്രമിക്കുന്നത്’, സന്ദീപ് പറഞ്ഞു.

അതേസമയം, സന്ദീപ് നായകനായി എത്തിയ എക്കോ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ദിനത്തെക്കാൾ കൂടുതൽ പ്രേക്ഷകർ മൗത്ത് പബ്ലിസിറ്റി കാരണം സിനിമ കാണാൻ എത്തുന്നുണ്ട്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന ചിത്രമാണ് ‘എക്കോ’. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം ആണ് സിനിമ നിർമിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ എസ്.
















