മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് പോയ താരമാണ് സ്വാസിക. ഇന്ന് മലയാളത്തിലും തമിഴിലും താരം തിളങ്ങിനിൽക്കുകയാണ്. ഇപ്പോഴിതാ ബാലി യാത്രയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടി. ബാലിയിൽ ഭർത്താവ് പ്രേം ജേക്കബും സ്വാസിക്കയ്ക്കൊപ്പമുണ്ട്. ബാലിയിലെ ചില ആചാരങ്ങൾ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് സ്വാസിക പങ്കുവച്ചത്.
View this post on Instagram
‘ബാലിയിലെ ആചാരങ്ങൾ വ്യത്യസ്തമായി തോന്നുന്നു, കാരണം നമുക്കെല്ലാവർക്കും ഇത്തരത്തിലുള്ള ആത്മീയ ബന്ധം ആവശ്യമാണ്. ഇത്തവണ, ഇവിടുത്തെ ആചാരങ്ങൾ ഞങ്ങൾ ശരിയായ രീതിയിൽ അനുഭവിക്കണമെന്ന് ഞങ്ങളുടെ ട്രാവൽ പാർട്ണർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ അവർ ഞങ്ങളെ തിർഥ എംപുലിലേക്ക് കൊണ്ടുവന്നു. ഒരിക്കലും മറക്കാനാവാത്തതും ശരിക്കും അർത്ഥവത്തായതുമായ ഒരു അനുഭവമായിരുന്നു’, സ്വാസിക കുറിച്ചു.
2009ൽ പുറത്തിറങ്ങിയ ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമാലോകത്ത് എത്തുന്നത്. 2010ൽ ‘ഫിഡിൽ’ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ആ വർഷം തന്നെ ‘ഗോരിപാളയം’ എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചതുരം’ എന്നിവയാണ് സ്വാസികയുടെ ശ്രദ്ധേയമായ മലയാള സിനിമകളിൽ ചിലത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘വാസന്തി’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.
















