ആയഞ്ചേരി: ആയഞ്ചേരി ടൗൺ സമീപം ലഭിച്ച സ്വർണഭരണം അതിന്റെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകിക്കൊണ്ട് ഓട്ടോ ഡ്രൈവർമാർ നന്മയുടെ ഉദാഹരണമൊരുക്കി.
ഇന്നലെ വൈകുന്നേരം ഓട്ടോ ഓടിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ അശോകന് സ്വർണാഭരണം കിട്ടുകയായിരുന്നു. യാത്രക്കിടെയായതിനാൽ ആഭരണം സുരക്ഷിതമായി കൈയിൽ സൂക്ഷിച്ച അദ്ദേഹം, ടൗണിലെത്തിയ ശേഷം സംഭവവിവരം സഹപ്രവർത്തകരുമായി പങ്കുവച്ചു. ഉടമ ആരെങ്കിലും അന്വേഷിച്ച് വരുമെന്ന പ്രതീക്ഷയിൽ അവരൊന്നിച്ചു കാത്തിരുന്നു.
രാത്രിയിൽ ‘ആയഞ്ചേരി വാർത്ത’യിൽ സ്വർണമോതിരം നഷ്ടപ്പെട്ട വാർത്ത കാണുകയും, അത് ശ്രദ്ധയിൽപ്പെട്ട സജീഷ് സ്നേഹദീപം അശോകനോട് വിവരം അറിയിക്കുകയും ചെയ്തു. ഉടനെ അശോകൻ വാർത്ത നൽകിയ നമ്പറിൽ ബന്ധപ്പെടുകയും, ആവശ്യമായ തെളിവുകൾ ചോദിച്ചറിഞ്ഞപ്പോൾ അവ ശരിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
തുടർന്ന്, ആയഞ്ചേരി പോലീസ് എയ്ഡ് പോസ്റ്റ് വഴിയാണ് സ്വർണാഭരണം കൈമാറാൻ തീരുമാനിച്ചത്. ഇന്ന് പുലർച്ചെ എയ്ഡ് പോസ്റ്റിൽ ഉടമ എത്തിയപ്പോൾ, പോലീസ് ഉദ്യോഗസ്ഥന്റെയും സജീഷിന്റെയും സാന്നിദ്ധ്യത്തിൽ ആഭരണം സുരക്ഷിതമായി തിരികെ കൈമാറി. കാക്കുനി സ്വദേശിയുടേതാണ നഷ്ടപ്പെട്ട ആഭരണം.
















