1949 മുതൽ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഗവൺമെന്റ് പോലീസ് സേനയ്ക്കായി മോട്ടോർസൈക്കിളുകൾ അന്വേഷിക്കാൻ തുടങ്ങി. ഇന്ത്യൻ ആർമിക്ക് യോജിച്ചതായി കണ്ടെത്തിയത് റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 തന്നെയാണ്. 800 ബുള്ളറ്റ് 350 മോട്ടോർസൈക്കിളുകളാണ് അന്ന് സർക്കാർ കമ്മീഷൻ ചെയ്തത്. അങ്ങനെയാണ് ഇന്ത്യൻ നിരത്തുകളും റോയൽ എൻഫീൽഡ് ബുള്ളറ്റും തമ്മിലുള്ള ഇന്നും തുടരുന്ന ബന്ധത്തിന്റെ തുടക്കം.
കമ്പനികൾ കൈമറിഞ്ഞ് വരുമ്പോഴും ബുള്ളറ്റ് 350 ഇന്ത്യൻ നിരത്തുകളിലെ ജനപ്രിയ മോട്ടോർസൈക്കിളായി തുടർന്നു. ഈ സമയത്ത്, ഇന്ത്യയിൽ കൂടുതൽ കാര്യക്ഷമവും ഭാരം കുറഞ്ഞതുമായ മോട്ടോർസൈക്കിളുകൾ എത്തിക്കാൻ ജാപ്പനീസ് കമ്പനികളും ഇന്ത്യൻ കമ്പനികളും മത്സരിച്ചു. മത്സരം മുറുകുമ്പോഴും റോയൽ എൻഫീൽഡ് കരുത്തോടെ പിടിച്ചുനിന്നു. 2008ൽ പുതിയ 500 സിസി യുസിഇ എഞ്ചിനുള്ള ക്ലാസിക് ബുള്ളറ്റായി ബുള്ളറ്റിനെ പൂർണ്ണമായും നവീകരിച്ചുകൊണ്ടാണ് കമ്പനി എതിരാളികൾക്ക് മറുപടി നൽകിയത്.
12 വർഷത്തെ കുതിപ്പിന് ശേഷം 2020ൽ ബുള്ളറ്റിന്റെ ഉത്പാദനം കമ്പനി നിർത്തി. ഹിമാലയൻ 450, ഇന്റർസെപ്റ്റർ/ജിടി 650 ബൈക്കുകൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ പോർട്ട്‌ഫോളിയോ വന്നതോടെയാണ് ബുള്ളറ്റ് ബൈക്കുകൾക്ക് നിറം മങ്ങിയത്. എന്നാൽ ബുള്ളറ്റ് പ്രേമികളെ നിരാശരാക്കാനോ വലിയൊരു ചരിത്രം അങ്ങനെയങ്ങ് അവസാനിപ്പിക്കാനോ കമ്പനി ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസം പുതിയ ബുള്ളറ്റ് 350 വിപണിയിലെത്തിച്ചത്.
റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് സീരീസ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രൊഡക്ഷൻ നടത്തിയ മോട്ടോർസൈക്കിളാണ്. മോട്ടോർസൈക്കിൾ ചരിത്രത്തിൽ സമാനതകളില്ലാത്ത പേരായി ബുള്ളറ്റ് നിരത്തുകളിൽ തുടരുന്നു
















