തിരുവനന്തപുരത്ത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റത്തിൽ സി.പി.എം. നേതാവും എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുമായ വഞ്ചിയൂർ ബാബുവിനെതിരെ കേസ്. വഞ്ചിയൂർ ബാബുവും കൂട്ടാളികളും ചേർന്ന് പ്രസ് ക്ലബ് സെക്രട്ടറി പി.ആർ. പ്രവീണിനെയും കണ്ണമ്മൂല വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥിയായ എം. രാധാകൃഷ്ണനെയും മർദ്ദിച്ചതായാണ് പരാതി. തോൽക്കാൻ സാധ്യതയുണ്ടെന്ന് വാർത്ത നൽകിയതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രവീൺ ആരോപിച്ചു.
ജില്ലാ ലേബർ ഓഫീസിനു മുന്നിൽ വെച്ചാണ് സംഭവം. കണ്ണമ്മൂല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ എം. രാധാകൃഷ്ണന്റെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നടക്കുന്ന ദിവസം ലേബർ ഓഫീസിൽ വന്നതായിരുന്നു. രാധാകൃഷ്ണന് പിന്തുണയുമായി എത്തിയതായിരുന്നു പ്രസ് ക്ലബ് സെക്രട്ടറി പി.ആർ. പ്രവീൺ. വഞ്ചിയൂർ വാർഡ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ വഞ്ചിയൂർ ബാബു, ഷാഹിൻ, അജിത് പ്രസാദ് എന്നിവർ ചേർന്നാണ് ഇവരെ ആക്രമിച്ചത്.
“നീയല്ലേടാ അച്ഛനും മകളും മാറിമാറി മത്സരിക്കുന്നു എന്ന് വാർത്ത ചെയ്തത്” എന്ന് ചോദിച്ചായിരുന്നു ആക്രമണം ആരംഭിച്ചത്. വഞ്ചിയൂർ ബാബുവും മകളും ഒരേ വാർഡിൽ മാറിമാറി മത്സരിക്കുന്നത് സംബന്ധിച്ച് മാധ്യമപ്രവർത്തകൻ എന്ന നിലയിൽ താൻ നടത്തിയ രാഷ്ട്രീയ നിരീക്ഷണമാണ് ആക്രമണത്തിന് കാരണമെന്ന് പ്രവീൺ പറഞ്ഞു. മർദ്ദനത്തിനിടെ ടി.പി.യെ പോലെ വെട്ടിയിടുമെന്നും സംഘം ഭീഷണി മുഴക്കി. പ്രവീണിന്റെ ഫോൺ തട്ടിപ്പറിച്ചെടുത്ത് നിലത്തിട്ട് നശിപ്പിക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോൾ ലേബർ ഓഫീസിൽ ഉദ്യോഗസ്ഥരടക്കം ഇരുന്നൂറോളം പേർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തെ മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയായാണ് പ്രവീൺ വിശേഷിപ്പിച്ചത്. സംഭവത്തിൽ ശക്തമായ നടപടി സർക്കാർ കൈക്കൊള്ളണം. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വഞ്ചിയൂർ ബാബുവിനെതിരെ കട അടിച്ചു തകർത്തതുൾപ്പെടെ സമാനമായ കേസുകൾ നേരത്തെയും നിലവിലുണ്ടെന്നും, ഒരു വർഷം മുമ്പ് ‘ജനം ടി.വി.’ റിപ്പോർട്ടർമാരായ അരുണിനും ശാലിനിക്കും നേരെയും ആക്രമണം നടന്നിട്ടുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.
വീഡിയോ കടപ്പാട്: KARMA NEWS CHANNEL
















