പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മന ബ്ലാക്ക് പുറത്തിറക്കി. 3.37 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഗോവയിലെ മോട്ടോവേഴ്സ് 2025 ലാണ് വില പ്രഖ്യാപനം നടത്തിയത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും കടുപ്പമേറിയതുമായ റൂട്ടുകളില്‍ ഒന്നായ മന പാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോഡലിന് ഹിമാലയന്‍ മന ബ്ലാക്ക് എന്ന പേര് നല്‍കിയത്. ഹിമാലയന്‍ മന ബ്ലാക്ക് വളരെ ആകര്‍ഷകമായി തോന്നുന്ന സ്റ്റെല്‍ത്ത് ബ്ലാക്ക് ഫിനിഷിലാണ് വിപണിയില്‍ എത്തിച്ചത്.
എന്‍ജിന്‍, യുഎസ്ഡി ഫോര്‍ക്ക്, ട്യൂബ്ലെസ്, വയര്‍-സ്പോക്ക് റിമ്മുകള്‍ എന്നിവയും കറുപ്പ് നിറത്തിലാണ്. ബൈക്കിന് കറുത്ത നിറത്തിലുള്ള റാലി ഹാന്‍ഡ് ഗാര്‍ഡുകളും ഹൈ-മൗണ്ട് റാലി മഡ്ഗാര്‍ഡും ഉണ്ട്.
40 ബിഎച്ച്പിയും 40 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 452 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ ആണ് ബൈക്കിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വിച്ചബിള്‍ എബിഎസ്, പവര്‍ മോഡുകള്‍ തുടങ്ങിയവ മറ്റു ഹിമാലയന്‍ മോഡലുകളില്‍ കാണുന്നതുപോലെ തന്നെയാണ്.
















