യുഎസ് വീസ കിട്ടാത്തതിന്റെ പേരിൽ വനിത ഡോക്ടർ ജീവനൊടുക്കി. ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ ജില്ല സ്വദേശിയായ രോഹിണിയെ (38) ആണ് ഹൈദരാബാദിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽനിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ താൻ വിഷാദത്തിലായിരുന്നതിന്റെയും യുഎസ് വീസ നിഷേധിക്കപ്പെട്ടതിന്റെയും വിവരങ്ങൾ യുവതി രേഖപ്പെടുത്തിയിട്ടുണ്ട്. കതകിൽ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതോടെ വീട്ടുജോലിക്കാരിയാണ് രോഹിണിയുടെ കുടുംബത്തെ വിവരമറിയിച്ചത്. കുടുംബാംഗങ്ങളെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അമിതമായി ഉറക്കഗുളിക കഴിക്കുകയോ കുത്തിവയ്പെടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
യുഎസിലെ ജോലിക്കായി രോഹിണി കാത്തിരിക്കുകയായിരുന്നെന്നും എന്നാൽ വീസ നിഷേധിക്കപ്പെട്ടതോടെ യുവതി വിഷാദത്തിലായെന്നും രോഹിണിയുടെ അമ്മ ലക്ഷ്മി പറഞ്ഞു. ഹൈദരാബാദിലെ പദ്മ റാവു നഗറിലാണ് രോഹിണി താമസിച്ചിരുന്നത്.
















