കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായി ഹരിത ചട്ടം കർശനമായി നടപ്പിലാക്കുന്നതിന് കോർപ്പറേഷൻ പ്രത്യേക പരിശോധനാ നീക്കങ്ങൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിർദ്ദേശപ്രകാരം പിവിസി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ചെയ്ത തുണി, മറ്റ് പ്ലാസ്റ്റിക്–പിവിസി ഘടകങ്ങൾ ഉള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.
ഈ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയപ്പോൾ, ഒരു സ്ഥാപനത്തിന് നോട്ടീസ് നൽകി. മെറ്റീരിയൽ ശരിയായതാണോ എന്നത് സ്ഥിരീകരിക്കാൻ തിങ്കളാഴ്ച കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. പരിശോധന അടുത്ത ദിവസങ്ങളിലേക്കും നീളും.
ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ ടി.ഷാഹുൽ ഹമീദ്, എ.എൻ.അഭിലാഷ്, അസിസ്റ്റന്റ് ഡയറക്‌ടർ നാരായണൻ, പൊലൂഷൻ കൺട്രോൾ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ അവിനാഷ്, കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത തമ്പി, എം.കെ.സുബൈർ, ഡി.ആർ.രജനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു.
ഹരിത തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായികോർപ്പറേഷൻ പരിധിയിലുള്ള പ്രിന്റിങ് കേന്ദ്രങ്ങളിൽ ഇന്റേണൽ വിജിലൻസ് ഓഫീസർമാർ, ജില്ലാ ശുചിത്വമിഷൻ, പൊലൂഷൻ കൺട്രോൾ ബോർഡ് എന്നിവരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്താൻ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചുള്ള തോരണങ്ങൾ, ബോർഡുകൾ, അലങ്കാര വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനതല എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപീകരിക്കാനും തീരുമാനിച്ചു.
യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി.ടി. പ്രസാദ് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ രാകേഷ് എന്നിവർ സംസാരിച്ചു.
















