തെലുങ്ക് ഹീറോ നന്ദമൂരി ബാലകൃഷ്ണ പ്രധാനവേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അഖണ്ഡ 2: താണ്ഡവം’. അടുത്ത മാസം ആണ് ചിത്രത്തിന്റെ റിലീസ്. സിനിമയുടെ ട്രെയിലർ പ്രീമിയർ രണ്ടുദിവസം മുൻപാണ് നടന്നത്. ഇപ്പോഴിതാ ട്രെയിലർ കണ്ടുകൊണ്ടിരിക്കേ ബാലകൃഷ്ണയുടെ മുഖത്തുണ്ടാകുന്ന ഭാവപ്രകടനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരത്തെ ട്രോളിയും നിരവധിപേർ രംഗത്തെത്തി.
2021-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് അഖണ്ഡ. വന്‍ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറക്കാര്‍ പ്രഖ്യാപിക്കുന്നത് 2024-ലാണ്. ബോയപതി ശ്രീനുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നായിക സംയുക്താ മേനോൻ, കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ എന്നിവർ ട്രെയിലറിന്റെ പ്രീമിയറിനെത്തിയിരുന്നു. മാസ് രംഗങ്ങൾ നിറഞ്ഞ ട്രെയിലറിലെ രംഗങ്ങൾ ആസ്വദിച്ചുകാണുന്ന ബാലകൃഷ്ണയാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. എന്നാൽ വീഡിയോ ട്രോളായി മാറാൻ അധികസമയമൊന്നും വേണ്ടിവന്നില്ല.
സ്വന്തം കഴിവുകണ്ട് കണ്ണുതള്ളിയ കലാകാരൻ എന്നാണ് വീഡിയോക്ക് വന്ന ഒരു പ്രതികരണം. കുട്ടികളുടെ മനസാണ് അയ്യയ്ക്ക്. ട്രെയിലറിന്റെ ഫൈനൽ ഔട്ട്പുട്ട് ഇപ്പോഴായിരിക്കും കാണുന്നത്. എന്നെ സമ്മതിക്കണം എന്നെല്ലാമാണ് ട്രോളർമാരുടെ പ്രതികരണം. ഡാക്കു മഹാരാജിന് ശേഷം കേരളത്തിൽ ബാലകൃഷ്ണയുടെ ചിത്രങ്ങൾക്ക് ആരാധകർ ഏറിയെങ്കിലും ഈ സിനിമയുടെ ട്രെയ്‌ലറിന് വലിയ ട്രോളുകളാണ് ലഭിക്കുന്നത്.
അഖണ്ഡ 2-ലെ ഡാന്‍സ് നമ്പര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മലയാളി താരം സംയുക്തയും ബാലയ്യയും ഒന്നിച്ചുള്ള ‘ജജികയ ജജികയ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നത്. അതിന് മുമ്പ് ദി താണ്ഡവം എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തുവന്നിരുന്നു. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
















