ബോളിവുഡ് നടൻ ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറിച്ചു.
ഡിസംബര്‍ 8ന് തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ധര്‍മേന്ദ്രയുടെ അപ്രതീക്ഷിതമായ അന്ത്യം സംഭവിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് ഒക്ടോബര്‍ അവസാനം മുംബൈയിലെ ബ്രീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ധര്‍മേന്ദ്ര ആശുപത്രി വിട്ട് 12 നാളുകള്‍ക്കിപ്പുറമാണ് അന്തരിച്ചത്. 1960-ൽ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധർമ്മേന്ദ്ര, 1960-കളിൽ ‘അൻപഥ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവൻ ഝൂം കേ’ തുടങ്ങിയ സിനിമകളിൽ സാധാരണക്കാരന്റെ വേഷങ്ങൾ ചെയ്തുകൊണ്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് അദ്ദേഹം ‘ഷോലെ’, ‘ധരം വീർ’, ‘ചുപ്‌കെ ചുപ്‌കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേൾ’ തുടങ്ങിയ ചിത്രങ്ങളിൽ നായക വേഷങ്ങൾ ചെയ്തു.
പിണറായി വിജയന്റെ അനുശോചന കുറിപ്പ്
ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തില്‍ വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധര്‍മേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസിക്കുകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാണ്. രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ജനപ്രീതി പടര്‍ന്നു. സോവിയറ്റ് യൂണിയന്‍ അടക്കമുള്ള രാഷ്ട്രങ്ങളില്‍ ധര്‍മേന്ദ്ര ചെയ്ത കഥാപാത്രങ്ങള്‍ വലിയ പ്രചാരം നേടി. പത്മഭൂഷണ്‍ അടക്കമുള്ള നിരവധി ബഹുമതികള്‍ തന്റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധര്‍മേന്ദ്ര.
ധര്‍മേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തില്‍ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നു.
















