യുഎസ് ഒർലാൻഡോ ആസ്ഥാനമായുള്ള കോടീശ്വരന്മാരായ പത്മജയുടെയും രാമരാജു മണ്ടേനയുടെയും മകൾ നേത്ര മണ്ടേനയുടെയും ടെക് വ്യവസായി വംശീ ഗാധിരാജുവിന്റെയും വിവാഹത്തിന്റെ സംഗീത് കഴിഞ്ഞ ദിവസം ഉദയ്‌പൂരിൽ വലിയ ആഢംബരത്തോടെ നടന്നിരുന്നു. വിവാഹത്തിൽ നിരവധി അന്താരാഷ്ട്ര സെലിബ്രിറ്റികളും ബോളിവുഡ് താരങ്ങളും പങ്കെടുത്തു. ആഡംബര വിവാഹത്തോടനുബന്ധിച്ച് ലക്ഷങ്ങൾ കിലുങ്ങുന്ന വേദിയിൽ ബോളിവുഡ് താരങ്ങൾ നടത്തിയ നൃത്ത പ്രകടനങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ എങ്ങും രൂക്ഷവിമർശനമാണ് ഉയരുന്നത്.
#RanbirKapoor was right when he said he would not perform at paid weddings because he does not want to "lose his dignity," esp when dealing with drunk guests.
What is #RanveerSingh, the #Dhurandhar, doing here by sitting on floor , will people respect?pic.twitter.com/A2cbpRDGQ9
— Movie_Reviews (@MovieReview_Hub) November 23, 2025
രണ്‍വീര്‍ സിങ്, കൃതി സനോൺ, ഷാഹിദ് കപൂർ, ജാക്വലിൻ ഫെർണാണ്ടസ്, ജാൻവി കപൂർ, വരുൺ ധവാൻ തുടങ്ങിയ വൻ താരനിരയാണ് ചടങ്ങിൽ പങ്കെടുത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. കരൺ ജോഹറായിരുന്നു പരിപാടിയുടെ അവതാരകൻ. നടൻ രൺവീർ സിംഗിന്റെ പ്രകടനമാണ് സോഷ്യൽ മീഡിയയുടെ പ്രധാന ചർച്ചാവിഷയം. തന്റെ ഹിറ്റ് ഗാനമായ ‘അപ്നാ ടൈം ആയേഗാ’ പാടി സ്റ്റേജ് ഇളക്കിമറിച്ച് ചുവടുവെച്ച രൺവീർ, ഡൊണാൾഡ് ട്രംപ് ജൂനിയറെയും അദ്ദേഹത്തിന്റെ കാമുകി ബെറ്റീന ആൻഡോഴ്സനെയും നൃത്തം ചെയ്യിപ്പിച്ചു. നിലം തൊട്ടും ഉരുണ്ടും നടത്തിയ പ്രകടനങ്ങൾ താരങ്ങൾ പണത്തിനുവേണ്ടി എന്തു ചെയ്യാനും തയ്യാറാണോ എന്ന ചോദ്യം ഉയർത്തുന്നു.
താരങ്ങളുടെ നൃത്ത വീഡിയോകൾ പ്രചരിച്ചതോടെ ആരാധകർ ഒന്നടങ്കം വിമർശനവുമായി രംഗത്തെത്തി. ബോളിവുഡ് സിനിമകൾ ബോക്സ് ഓഫീസിൽ തകർന്നടിയുമ്പോൾ, താരങ്ങൾ പണത്തിന് വേണ്ടി എന്തുചെയ്യാനും തയ്യാറാകുമോ? കാശ് കൊടുത്താൽ ബോളിവുഡ് താരങ്ങൾ നിലയും വിലയും കളഞ്ഞ് ഇങ്ങനെ ഒരു കോമാളിയെപ്പോലെ പെരുമാറൂമോ? തുടങ്ങിയ രൂക്ഷമായ ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. താരങ്ങൾ പണക്കൊഴുപ്പിന് പിന്നാലെ പോകരുതെന്നും പലരും അഭിപ്രായപ്പെട്ടു.
ഇത്തരം ആഡംബര വിവാഹങ്ങളിൽ പണത്തിന് വേണ്ടി പ്രകടനം കാഴ്ചവെക്കില്ലെന്ന ഉറച്ച നിലപാടിൽ നിൽക്കുന്ന നടൻ റൺബീർ കപൂറിന് സോഷ്യൽ മീഡിയയിൽ വൻ പ്രശംസയാണ് ലഭിക്കുന്നത്. താൻ വളർന്നുവന്ന മൂല്യങ്ങൾക്ക് ഇത് എതിരാണെന്ന് 2011-ൽ അദ്ദേഹം വ്യക്തമാക്കിയ നിലപാട് വീണ്ടും വൈറലായി.നേരത്തെ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ തുടങ്ങിയ സൂപ്പർ താരങ്ങൾ പങ്കെടുത്തതും സമാനമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പ്രവണതകൾക്ക് വരും നാളുകളിൽ മാറ്റം വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
















