വിദ്യാർഥികൾ ക്ലാസ് മുറിയിലെ ബെഞ്ചുകളും ഡസ്‌കുകളും തകർക്കുന്ന ചില ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേരളത്തിൽ നടന്ന സംഭവമാണെന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. ഒരു പെൺകുട്ടി ഉൾപ്പെടെയുള്ള വിദ്യാർഥികളെ ചിത്രങ്ങളിൽ കാണാം.
“എന്തുകൊണ്ടാണ് നമ്മുടെ വിദ്യാർത്ഥികൾ ഇത്രയും അധപ്പതിച്ചു പോകുന്നത്?
12 -14 വയസ്സുള്ള കുട്ടികൾ കത്തിക്കുത്ത് നടത്തുന്നവരും സഹപാഠികളെ ക്രൂരമായി ആക്രമിക്കുന്നവരും മുതിർന്നവരുമായി ഏറ്റുമുട്ടുന്നവരും പ്രായമായവരെ പീഡിപ്പിക്കുന്നവരും ഒക്കെയായി നശിച്ചത് എങ്ങനെയാണ്?
ആരാണ് നശിപ്പിച്ചത്?
നമ്മുടെ വിദ്യാഭ്യാസ പദ്ധതിയും അതിന്റെ നടത്തിപ്പുകാരും ഇതിനുത്തരം പറയേണ്ടവരല്ലേ?
കുട്ടികളുടെ സ്വാതന്ത്ര്യം എന്നും രാഷ്ട്രീയമെന്നും പറഞ്ഞ് അവരെ അക്രമികളും മനുഷ്യത്വം ഇല്ലാത്തവരുമാക്കി നശിപ്പിച്ചു കൊണ്ടുവരുന്നത് സംസ്‌കാരമുള്ള ജനത ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവരുടെ ചെയ്തികളാണ്. കേരളത്തിൽ ഈ സാഹചര്യം സൃഷ്ടിച്ചെടുത്തത് ദീർഘകാലമായി കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ” എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റാണ് വൈറൽ ആകുന്നത്.
അന്വേഷണം
വൈറല്‍ ചിത്രങ്ങള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ സമാനമായ ചിത്രങ്ങള്‍ ഉള്‍പ്പെടെ തമിഴ് മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.
ന്യൂസ് 18 തമിഴ് 2023 മാര്‍ച്ച് 9ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ സംഭവം നടന്നത് തമിഴ്‌നാട്ടിലെ ധര്‍മപുരിയിലുള്ള അമനിമല്ലപുരം ഗവണ്‍മൈന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. പൊതുപരീക്ഷ കഴിഞ്ഞ സന്തോഷത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ആഘോഷ പരിപാടികള്‍ക്കിടെയാണ് ചിലര്‍ ക്ലാസ്‌റൂമിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്തത്. വീഡിയോ വൈറലായതോടെ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തതായും വാര്‍ത്തയില്‍ പറയുന്നു
ലഭ്യമായ വിവരങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുന്ന വൈറല്‍ ചിത്രങ്ങള്‍ കേരളത്തിലേതല്ലെന്നും തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലുള്ള അമനി മല്ലപുരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നുള്ളതാണെന്നും വ്യക്തമായി.
















