ഡൽഹിയിലെ പ്രേംനഗറിൽ ആറുവയസ്സുകാരനെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിൽ കുട്ടിയുടെ വലതു ചെവി നായ കടിച്ചെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് നായ കുട്ടിയെ ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ നായയുടെ ഉടമയായ രാജേഷ് പാലിനെതിരെ പൊലീസ് കേസെടുത്തു. കുട്ടി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കളിക്കുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. തൊട്ടടുത്ത വീട്ടിൽ നിന്ന് നായ വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴേക്കും നായ കുട്ടിയുടെ നേർക്ക് ചാടിവീണ് കടിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ഒരാൾ കുട്ടിയുടെ കാലിൽ പിടിച്ച് വലിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. എന്നാൽ ക്രൂരമായ ആക്രമണത്തിനിടെ കുട്ടിയുടെ വലതു ചെവി നായ കടിച്ചെടുത്തു.
















