കോഴിക്കോട്: ആയഞ്ചേരിയിലെ മൂർച്ചിലോട്ട് ശ്രീ അയ്യപ്പ ഭജനമഠത്തിൽ ജില്ലയിലെ ആദ്യത്തെ ശ്രീ അയ്യപ്പ മഹാസത്രത്തിന് താഴ്ച്ച തിരി തെളിയാൻ ഒരുങ്ങുന്നു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സത്രങ്ങൾക്ക് നേതൃത്വം നൽകിയ എം. ജി. വിനോദിന്റെ നേതൃത്വത്തിലാണ് ഈ മഹാസത്രം നടത്തപ്പെടുന്നത്.
ആചാര്യവരണത്തോടെ 2025 നവംബർ 26-ന് വൈകിട്ട് നാല് മണിക്ക് മഹായജ്ഞം ആരംഭിക്കും. തുടർന്ന് ഡിസംബർ ഒന്നിന് നടക്കുന്ന മണ്ഡലവിളക്ക് മഹോത്സവത്തിന്റെ തലേദിവസം സത്രം സമാപിക്കും. സത്ര പരിപാടികളുടെ ഭാഗമായി ഭജന, നൃത്തകലാസന്ധ്യ, നാരി പൂജ, സർവൈശ്വര്യപൂജ എന്നിങ്ങനെ വൈവിധ്യമാർന്ന ആത്മീയവും സാംസ്കാരികവുമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
നവംബർ 26 മുതൽ 30 വരെ നടക്കുന്ന ശ്രീ അയ്യപ്പ സത്രത്തിനും ഡിസംബർ ഒന്നിന് നടക്കുന്ന മണ്ഡല വിളക്ക് മഹോത്സവത്തിനുമൊക്കെയായി ഭക്തർക്കായി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ്.
ശബരിമല വൃതാനുഷ്ഠാനങ്ങൾ, ശബരിമലയുടെ ഐതിഹ്യവും ചരിത്രവും, ആചാരാനുഷ്ഠാനങ്ങളുമൊക്കെയായി സമഗ്രമായ വിജ്ഞാന കൈമാറ്റത്തിനുള്ള വേദിയാകും ഈ ശ്രീ അയ്യപ്പ മഹാസത്രം. എല്ലാ അയ്യപ്പ ഭക്തരും സത്രത്തിൽ പങ്കെടുത്ത് അനുഭവമധുരം പങ്കുവെക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.
















