വടകര: വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കെതിരായ പ്രശ്നങ്ങളിൽ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് സംരക്ഷണ സമിതി വ്യക്തമാക്കി. കമ്പനിയുടെ ഷെയർ ഉടമകൾ വിളിച്ചു ചേർത്ത എക്‌സ്‌ട്രാ ഓർഡിനറി ജനറൽ മീറ്റിംഗ് വടകര സബ് കോടതിയുടെ ഇൻജങ്ഷൻ പ്രകാരം നിർത്തിവെച്ചതിനെ തുടർന്ന് സംരക്ഷണ സമിതി വിശദീകരണ യോഗം നടത്തി.
മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിലാണ് യോഗം നടന്നത്. പി. എം. കുമാരൻ അധ്യക്ഷനായിരുന്നു. ചന്ദ്രൻ കരിപ്പാലി, ബാലറാം പുതുക്കുടി, എം. കെ. മൊയ്തു, എം. സി. ബാലകൃഷ്ണൻ, ആർ. പി. കൃഷ്ണൻ, ഒ. കെ. രാജൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. എം. അശോകൻ സ്വാഗതവും വി. സോമൻ നന്ദിയും രേഖപ്പെടുത്തി.
നിലവിലുള്ള ഭരണ സമിതിയിൽ നിന്ന് യാതൊരു സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഷെയർ ഉടമകൾ സംരക്ഷണ സമിതി രൂപീകരിച്ച് വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികൾ നടത്തിവരുന്നതെന്ന് സംഘടന അറിയിച്ചു. തുടർനടപടിയുടെ ഭാഗമായി ഷെയർ ഉടമകൾക്ക് അനുകൂലമായ വിധി ലഭ്യമാക്കാൻ കോടതിയെ സമീപിക്കുമെന്ന് സംരക്ഷണ സമിതി വ്യക്തമാക്കി.
















