കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ അഫാർ (Affar) മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹെലിഗൂബിയ (HELIGUBIYA) അഗ്നിപർവതം 12,000 വർഷത്തെ നിഷ്‌ക്രിയത്വത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്ച ഉഗ്രമായി പൊട്ടിത്തെറിച്ചു. സ്ഫോടനത്തെ തുടർന്ന് 10,000 കിലോമീറ്റർ വരെ ഉയരത്തിൽ ചാരം പൊങ്ങി. സ്ഫോടനം നിലച്ചെങ്കിലും, അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ചാരം കാറ്റിൽ പറന്നുനടക്കാൻ തുടങ്ങിയതോടെ ഇന്ത്യയുൾപ്പെടെ നിരവധി ഏഷ്യൻ രാജ്യങ്ങളിലെ വ്യോമഗതാഗതത്തെ ഇത് ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, അഗ്നിപർവത ചാരം ഏകദേശം 25,000 മുതൽ 45,000 അടി ഉയരത്തിൽ വരെ എത്തിയിട്ടുണ്ട്. കൂടാതെ, പുകപടലങ്ങൾ 14 കിലോമീറ്റർ വരെ നീളത്തിൽ അന്തരീക്ഷത്തിൽ വ്യാപിച്ചിരിക്കുകയാണ്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ഈ ചാരമേഘങ്ങൾ സഞ്ചരിക്കുന്നത് എന്നുള്ളതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഹെലിഗൂബിയ ഒരു കോംപോസിറ്റോ വോൾക്കാനോ (COMPOSITO VOLCANO) വിഭാഗത്തിൽ പെടുന്ന അഗ്നിപർവതമാണ്. മാഗ്മ, ചാരം, പാറക്കഷണങ്ങൾ തുടങ്ങിയ പൈറോക്ലാസ്റ്റിക് വസ്തുക്കൾ അടുക്കിവെച്ച് രൂപപ്പെടുന്ന ഇത്തരം അഗ്നിപർവതങ്ങളുടെ ലാവാ കട്ടികൂടിയതും വേഗത്തിൽ തണുത്തുറയുന്നതുമാണ്.
അഗ്നിപർവത സ്ഫോടനത്തെ തുടർന്നുണ്ടായ ചാരവും പൊടിപടലങ്ങളും കാരണം വിമാന സർവീസുകൾക്ക് വലിയ പ്രശ്‌നങ്ങളാണ് നേരിടുന്നത്. വിമാനങ്ങൾ ചാരപടലങ്ങൾ ഒഴിവാക്കി താഴ്ന്ന് പറക്കേണ്ട സാഹചര്യം വന്നതോടെ, കേരളത്തിലേക്കുള്ള സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. വ്യോമഗതാഗതത്തിന് പുറമെ, ഈ പൊടിപടലങ്ങൾ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഡൽഹി പോലുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ ഇതിനകം നേരിടുന്ന പ്രശ്നങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുകയാണ്.
ചാരമേഘങ്ങൾ യെമൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ കടന്ന് അറബിക്കടലിലൂടെ രാജസ്ഥാൻ വഴി ഉത്തരേന്ത്യൻ മേഖലകളിലേക്ക് എത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരമനുസരിച്ച്, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെല്ലാം ഈ കരിമേഘപടലങ്ങൾ എത്തിക്കഴിഞ്ഞു. സമീപത്തുള്ള പ്രദേശങ്ങളിൽ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ തീവ്രത വലുതായിരിക്കുമെന്നിരിക്കെ, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ഹെലിഗൂബിയ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന അഫാർ മേഖല, ഭൂമിയിലെ പുറംതോടിലെ മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകൾ പരസ്പരം അകന്നുപോകുന്ന ഇടമാണ്. ഇതാണ് ഇവിടെ സജീവവും അർദ്ധ-സജീവവുമായ ഒട്ടനവധി അഗ്നിപർവതങ്ങൾ രൂപപ്പെടാനുള്ള പ്രധാന കാരണം. ഈ പ്രദേശം വലിയ ജനവാസമുള്ള ഒന്നല്ലെങ്കിലും, അന്തരീക്ഷത്തിൽ പടരുന്ന പുകപടലങ്ങൾ കാറ്റിൽ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് വലിയ പ്രശ്‌നങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
അഗ്നിപർവത സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയുന്നതുവരെ ഏഷ്യൻ രാജ്യങ്ങളിലെ വ്യോമഗതാഗതത്തിന് പ്രതിസന്ധി തുടർന്നേക്കും. ഇതിന്റെ പരിസ്ഥിതിപരവും കാലാവസ്ഥാപരവുമായ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾ നടക്കുകയാണ്.
















