നീലേശ്വരം: കൊലപാതക കേസുകൾ ഉൾപ്പെടെ 22-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ് നടന്നത്. നീലേശ്വരം എസ്.എച്ച്.ഒ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
കാസർകോട് ജില്ലയിലെ കുഡ്ഡു പാറക്കട്ട ആർ.ഡി. നഗറിലെ ശിവാനന്ദ ഷെട്ടിയുടെ മകൻ അജയ്കുമാർ ഷെട്ടി, അഥവാ തേജു (29), ആണ് പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് തേജു അക്രമാസക്ത നിലയിൽ ദേശീയപാതയിലെ നീലേശ്വരം കരുവാച്ചേരി പി.ഡബ്ല്യു.ഡി ഓഫിസിന് മുന്നിലെ റോഡിൽ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായി വിവരം ലഭിച്ചത്. തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതിയെ നിയന്ത്രിക്കാൻ ശ്രമിക്കവെയാണ് സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീറിനെ തേജു അടിക്കുകയും പരിക്കേൽപിക്കുകയും യൂനിഫോം വലിച്ച് കീറുകയും ചെയ്തത്.
ഇതിനുപിന്നാലെ ശക്തമായ നീക്കത്തിലൂടെ പ്രതിയെ അധികാരികൾ കീഴ്പ്പെടുത്തി. സംഭവത്തിൽ കൂടുതൽ നിയമനടപടികളും അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
















