ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ പ്രതിയുടെ ഭാര്യയും ബന്ധുക്കളും ചേർന്ന് ആക്രമിച്ചു. ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മഞ്ചേശ്വരം മച്ചംമ്പാടി സ്വദേശി ഹൈദരാലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
നിലവിലുള്ള കേസിലെ പ്രതിയായ ഹൈദരാലി വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് മഞ്ചേശ്വരം പോലീസ് പരിശോധനയ്ക്ക് എത്തിയത്. പോലീസ് സംഘം വീടുവളഞ്ഞതോടെ ഹൈദരാലിയുടെ ഭാര്യയും മക്കളും ബന്ധുക്കളും ഉൾപ്പെടെയുള്ള സംഘം പോലീസിനെ തടയുകയും ആക്രമിക്കുകയുമായിരുന്നു. കണ്ടാലറിയാവുന്ന എട്ടുപേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതിയെ രക്ഷപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തിയ ഈ അപ്രതീക്ഷിത ആക്രമണത്തിൽ സി.പി.ഒമാരായ വന്ദന, സദർ എന്നിവർക്കാണ് പരിക്കേറ്റത്. കടുത്ത എതിർപ്പുകൾക്കിടയിലും മഞ്ചേശ്വരം എസ്.എ. ഐഎസ്ഒ ഉമേഷ് കുമാറും സംഘവും ബലപ്രയോഗത്തിലൂടെ ഹൈദരാലിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. സംഘത്തിൽ എസ്.ഐമാരായ വൈഭവ് രാമചന്ദ്രൻ, ശബരി എന്നിവരും ഉണ്ടായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതിനും ഹൈദരാലിയുടെ ഭാര്യക്കും കണ്ടാലറിയാവുന്ന മറ്റ് ഏഴുപേർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥർ ചികിത്സ തേടി. മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
















