കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിരോധിത ഫ്ലക്സ് ബോർഡുകൾക്കെതിരെ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡിന്റെ ശക്തമായ പരിശോധന തുടരുന്നു. ഇന്ന് നടത്തിയ റെയ്ഡിൽ വിവിധ വൻകിട പ്രിന്റിംഗ് മെറ്റീരിയൽ ഹോൾസെയിൽ ഗോഡൗണുകളിൽ നിന്ന് 550 കിലോ നിരോധിത ഫ്ലക്സ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ മാത്രം ഒരു ടൺ നിരോധിത ഫ്ലക്സ് പിടികൂടിയതായാണ് വിവരം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇൻറേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
പരിശോധന സംഘത്തിൽ ഇൻറേണൽ വിജിലൻസ് ഓഫീസർ എ. എൻ. അഭിലാഷ്, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ വി. ഡസ്നി, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. സതീഷ് ബാബു, ഡി. ആർ. രജനി എന്നിവർ പങ്കെടുത്തു.
പിടിച്ചെടുത്ത നിരോധിത ഉൽപ്പന്നങ്ങൾ കോർപ്പറേഷനു കൈമാറി. ബന്ധപ്പെട്ട സ്ഥാപന ഉടമകൾക്ക് തൽസമയം നോട്ടീസ് നൽകി, നിയമപ്രകാരം പിഴ ചുമത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു. നഗരത്തിലെ ഫ്ലക്സ് നിരോധന നിർദേശം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായ പരിശോധന വരുമുദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
















