വേളം: കുറ്റ്യാടി–വലകെട്ട്–കൈപ്രം കടവ് റോഡിന്റെ നവീകരണ പ്രവൃത്തി പുരോഗമിച്ച് അവസാനഘട്ടത്തിലേക്ക്. കുറ്റ്യാടി, വേളം പഞ്ചായത്തുകളിൽ കഴിയുന്ന ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ഗതാഗത മാർഗമാണിത്. റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പ് 16 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.
പ്രദേശവാസികളുടെ വിപുലമായ പിന്തുണയോടെ റോഡിന്റെ വീതി വർധിപ്പിക്കുകയും നിലവാരം ഉയർത്തുകയും ചെയ്തുവരുന്നു. 9.8 കിലോമീറ്റർ നീളമുള്ള റോഡിന്റെ 8.6 കിലോമീറ്റർ ഭാഗം ബിഎംബിസി നിലവാരത്തിൽ നവീകരിച്ചുകഴിഞ്ഞു. കൂടാതെ 30 കൾവെർട്ടുകളുടെ നിർമ്മാണവും പൂർത്തിയായി. ഓവുചാലുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
വേളം ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള നിർമാണ പ്രവർത്തനങ്ങൾ സമാപിച്ചതായി അധികൃതർ അറിയിച്ചു. ഇനി പൂർത്തിയാക്കാനുള്ളത് കുറ്റ്യാടി പഞ്ചായത്തിലേക്കുള്ള ഭാഗങ്ങളാണ്. നിർമാണം പൂർത്തിയായ ശേഷം റോഡ് മാർക്കിംഗ്, സുരക്ഷാ മുന്നറിയിപ്പുകൾ, സ്റ്റഡുകൾ എന്നിവയും സ്ഥാപിക്കുമെന്നാണ് വിവരം.
പ്രവൃത്തി നടപ്പാക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ആണ്. മേൽനോട്ടം പൊതുമരാമത്ത് വകുപ്പിന്റെ എൻഎച്ച് വിഭാഗം ഏറ്റെടുത്തിരിക്കുന്നു.
ഡിസംബർ മാസത്തോടെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാകുമെന്ന് പ്രതീക്ഷ. ഇതോടെ ഈ റോഡ് സംസ്ഥാനത്തെ ഏറ്റവും നിലവാരമേറിയ ഗതാഗതമാർഗങ്ങളിലൊന്നായി മാറുമെന്ന് അധികൃതർ പറയുന്നു.
















