ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ പ്രത്യേക ഫാൻ ബേസ് ഉള്ള സിനിമയാണ് ‘ദി മമ്മി ഫ്രാഞ്ചൈസി’. മമ്മി സിനിമയിലൂടെ വില്ലനായി വന്ന ഹോളിവുഡ് താരം അർണോൾഡ് വോസ്‌ലൂവിനെ പ്രേക്ഷകർക്ക് മറക്കാനാകില്ല. ഇപ്പോഴിതാ തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ അർനോൾഡ് വോസ്ലൂ വില്ലനായി എത്തുന്നു. ദി മമ്മി ഫ്രാഞ്ചൈസി, കേപ് ടൗൺ (2016), ബോഷ് (2017) തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതിലൂടെയാണ് ആർനോൾഡ് വോസ്ലൂ പ്രശസ്തനായത്.
രാഹുൽ സൻക്രിത്യാൻ സംവിധാനം ചെയ്യുന്ന പീരിഡ് ആക്‌ഷൻ ത്രില്ലറിലാണ് അർണോൾഡ് പ്രധാന വേഷത്തിലെത്തുന്നത്. ബ്രിട്ടിഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം പ്രത്യക്ഷപ്പെടുക.‘ടാക്സിവാല’ എന്ന ചിത്രത്തിനുശേഷം രാഹുലും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 1854-നും 1878-നും ഇടയിൽ, ബ്രിട്ടിഷ് കോളനി വാഴ്ച അതിന്റെ ഉന്നതിയിൽ നിന്ന കാലഘട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാർഥ ചരിത്ര സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സിനിമ, ചെറുത്തുനിൽപ്പ്, വിപ്ലവം, സ്വത്വം എന്നീ പ്രമേയങ്ങളെയാണ് ആസ്പദമാക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിർമാണം. വമ്പൻ ക്യാൻവാസും വൈകാരിക മുഹൂർത്തങ്ങളും സമന്വയിപ്പിക്കുന്ന ഈ ചിത്രം, തെലുങ്ക് പീരിയഡ് സിനിമകൾക്ക് ഒരു പുതിയ അളവുകോൽ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, നിർമാതാക്കൾ ഇക്കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
















