വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിന്റെ ബന്ധുവിനെ ഇമിഗ്രേഷൻസ് ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മാസച്യുസിറ്റ്സിലെ റെവെറിൽ നിന്ന് പിടികൂടിയ യുവതിയെ നിലവിൽ തെക്കൻ ലൂസിയാനയിലെ ഐസിഇ തടങ്കൽ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരെ നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ലെവിറ്റിന്റെ സഹോദരൻ മൈക്കൽ ലെവിറ്റിന്റെ 11 വയസ്സുള്ള മകന്റെ അമ്മയാണ് ഐസിഇ ഉദ്യോഗസ്ഥർ പിടികൂടിയ ബ്രൂണ ഫെരേര. 1998ൽ ബ്രസീലിൽ നിന്ന് കുടുംബത്തോടൊപ്പമാണ് ബ്രൂണ ഫെരേര അമേരിക്കയിലെത്തിയത്. ഫെഡറൽ സംരക്ഷിത ഡിഎസിഎ (DACA) പ്രോഗ്രാമിന് കീഴിലായിരുന്ന യുവതി റസിഡൻസിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് പിടിയിലായത്. ബി2 ടൂറിസ്റ്റ് വീസയിൽ യുഎസിലെത്തിയ ബ്രൂണ 1999 ജൂൺ ആറിനകം രാജ്യം വിടണമായിരുന്നു എന്നാണ് ഐസിഇ വക്താവ് അറിയിച്ചിരിക്കുന്നത്.
എന്നാൽ, ബ്രൂണ ഫെരേരയുടെ അറസ്റ്റിനെ വിമർശിച്ചുകൊണ്ട് അഭിഭാഷകൻ ടോഡ് പോമെർലോ രംഗത്തെത്തി. ബ്രൂണയ്ക്ക് ക്രിമിനൽ റെക്കോർഡുകളൊന്നും ഇല്ല. ഈ ആരോപണം എവിടെ നിന്ന് വന്നുവെന്ന് അറിയില്ല. താങ്ക്സ്ഗിവിങ്ങിന് തൊട്ടുമുൻപ് റസിഡൻസി ലഭിക്കാനുള്ള നടപടിക്രമങ്ങൾക്കിടെയാണ് യുവതിയെ പെട്ടെന്ന് അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ഫെരേരയുടെ കുടുംബം നിയമപരമായ ചെലവുകൾക്കായി ഗോഫണ്ട്മീ പേജ് ആരംഭിച്ചിട്ടുണ്ട്. പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും സഹോദരന്റെ മുൻ പങ്കാളിയായ ഫെരേരയും തമ്മിൽ വർഷങ്ങളായി സംസാരിച്ചിട്ടില്ലെന്ന് കുടുംബ വൃത്തങ്ങൾ വെളിപ്പെടുത്തി. ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിയമവിരുദ്ധമായി താമസിക്കുന്ന എല്ലാ വ്യക്തികളും നാടുകടത്തലിന് വിധേയരാണെന്ന് ഡിഎച്ച്എസ് വക്താവ് ആവർത്തിച്ചു.
Story Highlights : ice-arrests-relative-of-white-house-press-secretary-in-louisiana
















