കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കെഎസ്ആര്ടിസി പതിയെ കരകയറുന്നുണ്ടെന്നും നഷ്ടങ്ങളുടെ വളവ് തിരിഞ്ഞുവരികയാണെന്നും നിയമസഭയില് ഗതാഗത മന്ത്രി സി.പി ജോണ്. പൂര്ണമായി ലാഭത്തിലാണെന്ന് പറയുന്നില്ലെങ്കിലും കുടിശികകളും കടങ്ങളും തീര്ക്കാന് കഴിയുന്ന അവസ്ഥയിലേക്ക് കോര്പറേഷന് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. പുതിയ ബസുകള് നിരത്തിലിറക്കാന് എംഎല്എമാര് ഉള്പ്പെടെയുള്ളവര് സഹായിക്കണം. ഓരോ എംഎല്എമാരും കുറഞ്ഞത് രണ്ട് ബസുകള് വീതമെങ്കിലും നല്കാന് തയ്യാറാകണം. വ്യക്തികളും സ്ഥാപനങ്ങളും ഇപ്പോള് കെഎസ്ആര്ടിസിക്ക് ബസുകള് നല്കാന് സ്വമേധയാ മുന്നോട്ടുവരുന്നുണ്ട്. ഓരോ മന്ത്രിസഭാ യോഗം കഴിയുമ്പോഴും മുഖ്യമന്ത്രി കെഎസ്ആര്ടിസി ബസിനുള്ള ചെക്ക് ഏറ്റുവാങ്ങുന്ന ഒരു ചടങ്ങ് എന്ന നിലയിലേക്ക് കാര്യങ്ങള് മാറിയത് കേരള ചരിത്രത്തില് ആദ്യമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വര്ഷത്തിനിടെ 1300 ബസുകള് മാത്രമാണ് കെഎസ്ആര്ടിസിക്ക് കൂടുതലായി നിരത്തിലിറക്കാന് കഴിഞ്ഞത്. വാഹനം വാങ്ങാനുള്ള ഭീമമായ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനാണ് എംഎല്എമാരുടെ സഹായം സര്ക്കാര് തേടിയത്. ഇതിനകം 70 ബസുകള് ഇത്തരത്തില് ലഭിച്ചിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളില് സര്വീസ് നടത്തുന്ന ഗ്രാമവണ്ടിക്ക് ഒരു മാസം ഒരു ലക്ഷം രൂപയോളമാണ് പ്രവര്ത്തന ചെലവ് വരുന്നത്. എന്നാല് 36 മുതല് 40 മാസം വരെയുള്ള തുക മുന്കൂറായി നല്കാന് പഞ്ചായത്തുകള് തയ്യാറായാല് സ്വന്തമായി വാഹനം വാങ്ങി സര്വീസ് നടത്താന് കോര്പറേഷന് തയ്യാറാണ്. ബസ് വാങ്ങാനുള്ള സാമ്പത്തിക ബാധ്യത കുറച്ച് കൂടുതല് വാഹനങ്ങള് നിരത്തിലിറക്കുകയാണ് നിലവിലെ ലക്ഷ്യം. ഇതിനുപുറമെ സ്വകാര്യ വ്യക്തികളില് നിന്ന് ഡ്രൈവര് ഉള്പ്പെടെയുള്ള വാടക വ്യവസ്ഥയില് കൂടുതല് ബസുകള് നിരത്തിലിറക്കിയിട്ടുണ്ട്.
വരുന്ന ശബരിമല സീസണിനായി പുതിയ വാഹനങ്ങള്ക്ക് പുറമെ പഴയ 100 ബസുകള് പൂര്ണമായും നവീകരിച്ച് നിരത്തിലിറക്കാന് സജ്ജമാക്കിയിട്ടുണ്ട്. കോര്പറേഷനിലെ ജീവനക്കാരുടെ തന്നെ മികവിലാണ് ഒറ്റനോട്ടത്തില് പുതിയതെന്നു തോന്നുന്ന രീതിയില് ഇവ പുതുക്കിപ്പണിതത്. ഇതിലൂടെ ഈ ബസുകളില് നിന്നുള്ള പുകവമിക്കുന്നത് 30 ശതമാനം വരെ കുറയ്ക്കാനും കഴിഞ്ഞു.















