വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം ഉണ്ടായ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് നാഷണൽ ഗാർഡ് സൈനികർ ഗുരുതരാവസ്ഥയിൽ ആണ്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
ഇയാൾക്കും പരുക്കുണ്ട്. വെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്‌തമാക്കുകയും ചെയ്‌തിട്ടുണ്ട്. അക്രമി നേരെയെത്തി വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ സൈനികരിൽ ഒരാൾ സ്ത്രീയാണ്. വെസ്റ്റ് വെർജീനിയ സ്വദേശികളാണ് ഇരുവരും. അക്രമിയെ കസ്റ്റഡിയിൽ എടുത്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിശദമാക്കി.
നേരത്തെ വെസ്റ്റ് വെർജീനിയ ഗവർണർ പാട്രിക് മോറിസെ സൈനികർ രണ്ട് പേരും കൊല്ലപ്പെട്ടതായി പ്രതികരിച്ചിരുന്നു. വൈറ്റ് ഹൗസ് പരിസരത്തേക്ക് 500 നാഷണൽ ഗാർഡിനെ അയയ്ക്കണമെന്ന് ഡൊണാൾഡ് ട്രംപ് വിശദമാക്കിയെന്നാണ് ഡിഫൻസ് സെക്രട്ടറി പീറ്റെ ഹെഗ്സേത്ത് വിശദമാക്കിയത്. സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണം ആയാണ് സംഭവത്തെ പൊലീസ് വിലയിരുത്തുന്നത്. വെടിവയ്പ് നടക്കുന്ന സമയത്ത് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നില്ല.
















