വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. സംഭവത്തിൽ രണ്ട് നാഷണൽ ഗാർഡ് സൈനികർ കൊല്ലപ്പെട്ടു. പശ്ചിമ വിർജീനിയ സ്വദേശികളായ ഇവർ സേവനത്തിനിടെ വെടിയേറ്റ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് പരുക്കുകളുള്ളതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെ സംഭവിച്ച വെടിവെപ്പ് ഉടൻ തന്നെ വൈറ്റ് ഹൗസ് പ്രാന്തപ്രദേശത്തെ സുരക്ഷ ശക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി വൈറ്റ് ഹൗസ് താൽക്കാലികമായി അടച്ചിടുകയും ചെയ്തു. സംഭവസമയത്ത് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലാണുണ്ടായിരുന്നത്.
പശ്ചിമ വിർജീനിയ ഗവർണർ പാട്രിക്ക് മോറിസി ഇരുവരുടെയും മരണം സമൂഹമാധ്യമങ്ങൾ വഴി സ്ഥിരീകരിച്ചു. “ഞങ്ങളുടെ രണ്ട് ധീര നാഷണൽ ഗാർഡ് അംഗങ്ങൾ വെടിയേറ്റ് മരണപ്പെട്ടത് അതിയായ ദുഃഖത്തോടെ അറിയിക്കുന്നു. രാജ്യസേവനത്തിനിടെ ജീവൻ അർപ്പിച്ച ഇവരുടെ കുടുംബങ്ങളുടെയും നാഷണൽ ഗാർഡ് സമൂഹത്തിന്റെയും വേദനയിൽ ഞാനും പങ്കുചേരുന്നു. അന്വേഷണത്തിനായി എല്ലാ ശക്തമായ നടപടികളും സ്വീകരിക്കപ്പെടും,” എന്ന് അദ്ദേഹം കുറിച്ചു.
















