ഇതിഹാസ നടൻ ധർമേന്ദ്രയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തെ അനുസ്മരിച്ച് ഭാര്യയും നടിയുമായ ഹേമ മാലിനി. സോഷ്യൽ മീഡിയയിൽ വൈകാരികമായ ഒരു കുറിപ്പാണു ഹേമ മാലിനി പങ്കുവച്ചിരിക്കുന്നത്. ധർമേന്ദ്രയുടെ മരണശേഷം ഇതാദ്യമായാണ് ഹേമ മാലിനി പ്രതികരിക്കുന്നത്.
ഹേമ മാലിനിയുടെ വാക്കുകൾ:
”ധർമേന്ദ്ര തനിക്ക് പലതുമായിരുന്നു. സ്നേഹനിധിയായ ഭർത്താവ്, രണ്ട് പെൺമക്കളായ ഇഷയുടെയും അഹാനയുടെയും വാത്സല്യനിധിയായ അച്ഛൻ, സുഹൃത്ത്, തത്വചിന്തകൻ, വഴികാട്ടി, കവി, എല്ലാ ആവശ്യങ്ങളിലും തനിക്ക് ആശ്രയിക്കാവുന്നയാൾ. യഥാർത്ഥത്തിൽ, അദ്ദേഹം തനിക്ക് എല്ലാമെല്ലാമായിരുന്നു. നല്ല സമയത്തും മോശം സമയത്തും അദ്ദേഹം എപ്പോഴും അങ്ങനെയായിരുന്നു. തന്റെ ലളിതവും സൗഹൃദപരവുമായ പെരുമാറ്റം കൊണ്ട് അദ്ദേഹം കുടുംബാംഗങ്ങൾക്കെല്ലാം പ്രിയങ്കരനായി. അവരെല്ലാവരോടും എപ്പോഴും സ്നേഹവും താൽപ്പര്യവും കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ വിനയവും സാർവത്രികമായ ആകർഷണീയതയും അദ്ദേഹത്തെ ഒരു അതുല്യ പ്രതിഭയാക്കി മാറ്റി. ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്റെ പ്രശസ്തിയും നേട്ടങ്ങളും എന്നേക്കും നിലനിൽക്കും. എന്റെ വ്യക്തിപരമായ നഷ്ടം വിവരണാതീതമാണ്. അതുണ്ടാക്കിയ ശൂന്യത എന്റെ ജീവിതകാലം മുഴുവൻ നിലനിൽക്കും. വർഷങ്ങളോളം ഒരുമിച്ചു ജീവിച്ചു. ആ പ്രത്യേക നിമിഷങ്ങളെക്കുറിച്ചുള്ള എണ്ണമറ്റ ഓർമ്മകൾ മാത്രമാണ് എനിക്കിപ്പോൾ കൂട്ട്.”
1https://x.com/dreamgirlhema/status/1993911851776979392/photo/1
നവംബർ 24-ന് മുംബൈയിൽ വെച്ചായിരുന്നു ധർമേന്ദ്ര അന്തരിച്ചത്. 89 വയസ്സായിരുന്നു. തൊണ്ണൂറാം ജന്മദിനത്തിന് ആഴ്ചകൾ ബാക്കിനിൽക്കേയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. മുംബയിലെ വസയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.
















