ബാലനടനായാണ് ജിഷ്ണു ആദ്യം സിനിമയിലെത്തിയത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ‘നമ്മൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലെ സ്വാഭാവികവും ഹൃദയസ്പർശിയുമായ അഭിനയമാണ് അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. അകാലത്തിൽ പൊളിഞ്ഞു പോയെങ്കിലും തന്റെ ചിരിയും മാന്യതയും കൊണ്ട് മലയാളികളുടെ ഹൃദയങ്ങളിൽ ഇന്നും സ്നേഹത്തോടെ ഓർമ്മിക്കപ്പെടുന്ന താരമാണ് ജിഷ്ണു രാഘവൻ. മരിക്കുമ്പോൾ മുപ്പത്തിയഞ്ച് വയസ് മാത്രമുണ്ടായിരുന്ന ജിഷ്ണു ഓർമയായിട്ട് പത്ത് വർഷം തികയാൻ പോകുന്നു. ഏറെ കാലത്തിനുശേഷം പ്രിയപ്പെട്ട മകന്റെ ഓർമകൾ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ രാഘവൻ.
”ജിഷ്ണുവിനെ നഷ്ടമായി, അത് അങ്ങനെയാണ് വരണ്ടേത്… അത്രയേയുള്ളു വിട്ടു. ഞാൻ ഒരു കാര്യത്തെ കുറിച്ച് ഓർത്തും വിഷമിക്കില്ല. കാരണം നടക്കേണ്ടത് നടക്കും. ജിഷ്ണുവിന്റെ രോഗ വിവരം അറിഞ്ഞപ്പോൾ ഒരു ഷോക്കായിരുന്നു. പിന്നെ കാലം എല്ലാം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവന്റെ അസുഖം മാറുമെന്ന് കരുതി. അവൻ തന്നെയാണ് കാരണം. അവൻ അതിന് നിന്നില്ല. അതാണ് പറ്റിയത്. അവൻ ആരുടെയൊക്കയോ വാക്ക് കേട്ട് ബാംഗ്ലൂർ വെച്ച് ഓപ്പറേഷൻ ചെയ്തു.
ഓപ്പറേഷൻ ചെയ്തതാണ് പറ്റിയത്. അത് കാരണമായി നമ്മൾ കണക്കാക്കേണ്ടതില്ല. അതാണ് വിധി. തൊണ്ട മുഴുവൻ മുറിച്ച കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിൽ കൊടുക്കുന്ന ഏർപ്പാട് ചെയ്യേണ്ട കാര്യം എന്തായിരുന്നു. മരിച്ചാൽ പോരെ. എന്തിനാണ് അങ്ങനൊരു ജീവിതം. ഓപ്പറേഷന് പോകരുതെന്ന് നിർബന്ധിച്ചതാണ്.
അവനും ഭാര്യയും കൂടി ചെയ്തു. അവരുടെ ഇഷ്ടം. അതോടെ കാര്യം കഴിഞ്ഞു. പിന്നെ എന്ത് ചെയ്യാനാണ്. ഞങ്ങൾ അനുഭവിച്ചു. കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമായിരുന്നു. ലേക് ഷോറിലെ ഡോക്ടർ പറഞ്ഞിരുന്നു കീമോയും ഇടയ്ക്ക് റേഡിയേഷനും ചെയ്ത് നമുക്ക് അസുഖം ഭേദമാക്കാമെന്ന്. അത് കേട്ടില്ല. അങ്ങനെ അവർ ഓപ്പറേഷൻ ചെയ്തു. അതാണ് വിധി. അവന്റെ ആയുസ് എനിക്ക് തന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ആ വിശ്വാസത്തിലാണ് ഞാൻ. ആറടി മൂന്ന് ഇഞ്ച് ഉയരമുണ്ടായിരുന്നു അവന് രാഘവൻ പറയുന്നു. മകന്റെ ഓർമ വരാതിരിക്കാൻ ഒരു ഫോട്ടോപോലും കണ്ണെത്തുന്ന ഇടത്ത് രാഘവനും ഭാര്യയും സ്ഥാപിച്ചിട്ടില്ല. ജിഷ്ണുവുമായി ബന്ധപ്പെട്ട എല്ലാം മറച്ച് വെച്ച് സൂക്ഷിക്കുകയാണ് കുടുംബം.
അവനെ ഓർക്കത്തക്ക രീതിയിൽ വീട്ടിൽ ഒന്നും വെച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും… ഞങ്ങൾ അവനെ ഓർക്കാറേയില്ല. ഓർക്കണ്ടാന്ന് കരുതി. ഇപ്പോൾ അതിൽ ദുഖമില്ല. അതെല്ലാം കഴിഞ്ഞു. ഒരു ഫോട്ടോപോലും കാണാത്തക്ക രീതിയിൽ വെച്ചിട്ടില്ല. എല്ലാം മറച്ച് വെച്ചിരിക്കുകയാണ്. ഇപ്പോൾ മകൾക്കൊപ്പമാണ് താമസം. മരുമകൻ നേവൽ ഓഫീസറാണ്. അത്യധികം സ്നേഹമുള്ള മരുമകനാണ്… അതാണ് എന്റെ ഭാഗ്യം. മരുമകനല്ല മകൻ തന്നെയാണ്. അവർക്കൊപ്പം അവൻ ജോലി ചെയ്യുന്ന ഇടങ്ങളിൽ ഞങ്ങളും പോയി താമസിച്ചിട്ടുണ്ടെന്നും രാഘവൻ പറയുന്നു.”
രാഘവന്റെയും ഭാര്യ ശ്യാമളയുടെയും മകനായിരുന്നു. കലയും സാഹിത്യവും നിറഞ്ഞ ഒരു വീട്ടിലാണ് അദ്ദേഹം വളർന്നത്. ധന്യ രാജനാണ് ജിഷ്ണുവിന്റെ ഭാര്യ. വിവാഹം കഴിഞ്ഞ് പത്താം വർഷത്തിലേക്ക് അടുക്കുമ്പോഴായിരുന്നു മരണം.
ജീവിതത്തിന്റെ അവസാനം വരെ രോഗത്തോട് പോരാടിക്കൊണ്ടിരുന്നെങ്കിലും, ഒരിക്കലും പോസിറ്റീവ് മനോഭാവം കൈവിട്ടില്ല. ആശുപത്രിയിൽ നിന്നുകൊണ്ടും സോഷ്യൽ മീഡിയയിലൂടെ ധൈര്യവും പ്രതീക്ഷയും നിറഞ്ഞ സന്ദേശങ്ങൾ പങ്കുവെച്ചിരുന്നു. അതിനാൽ തന്നെ, അദ്ദേഹം ഒരു നടനെന്നതിനേക്കാൾ ഏറെ പോസിറ്റീവ് എനർജിയുടെ ഒരു പ്രതീകമായി മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു.
















