ഒഞ്ചിയം: കേരളം ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിലാണ് എത്തിച്ചേർന്നിരിക്കുന്നതെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു. വോട്ടുകൾ പിടിക്കാൻ വൻ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചെങ്കിലും അവ നടപ്പിലാക്കാൻ സർക്കാരിന് കഴിയാതെ കേന്ദ്ര ധനമന്ത്രിയുടെ മുന്നിൽ കടം വാങ്ങാൻ അപേക്ഷിക്കുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ്–ആർഎംപിഐ ജനകീയ മുന്നണി ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ സ്ഥാനാർഥി ടി.കെ. സിബിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എൻ. വേണു. നിലവിലെ ഭരണകൂടം ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളിൽ ഒന്നും നടപ്പാക്കാത്തതിലൂടെ കേരളം ഭീമമായ സാമ്പത്തിക തകർച്ചയുടെ വക്കിലാണ് നിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയിൽ കെപിസിസി സെക്രട്ടറി സുനിൽ മടപ്പളളി അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീജിത്ത്, ബാബു ഒഞ്ചിയം, യു. അഷറഫ്, പ്രദീപ് ചോമ്പാല, എൻ.പി. ഭാസ്‌കരൻ, കുളങ്ങര ചന്ദ്രൻ, കെ. അൻവർ ഹാജി, ടി.സി. രാമചന്ദ്രൻ, അരവിന്ദൻ മാടാക്കര, സി.കെ. വിശ്വനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ബാബു ഒഞ്ചിയം (ചെയർമാൻ), എം.പി. ദേവദാസ് (ജനറൽ കൺവീനർ), ഇ.ടി. അയ്യൂബ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
















