എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ഇന്ന് കൊച്ചി കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കലോത്സവം ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് അവധി.
കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്കാണ് അവധി. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളാണ് അവധി പ്രഖ്യാപിച്ചത്.
നവംബർ 25-ന് ആരംഭിച്ച എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവം നാളെ സമാപിക്കും. എറണാകുളം നഗരത്തിൽ 16 വേദികളിലായിട്ടാണ് കലാമേള നടക്കുന്നത്.
8000ത്തോളം കലാ പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. 301 ഇനങ്ങളിലായാണ് മത്സരം. നവംബർ 26നു രാവിലെ 9നു പ്രധാന വേദിയായ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ സുബിൻ പോൾ പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾക്ക് ഔപചാരിക തുടക്കമായത്.
കളക്ടർ ജി പ്രിയങ്കയാണ് കലാമേള ഉദ്ഘാടനം ചെയ്തത്. കലോത്സവത്തിൻ്റെ സമാപന സമ്മേളനം നാളെ വൈകിട്ട് 5.30ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും.
















