കോട്ടയം കാഞ്ഞിരപ്പള്ളി കന്നിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. ബസ്സിൽ ഉണ്ടായിരുന്ന അഞ്ചു പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ആരുടേയും അവസ്ഥ ഗുരുതരമല്ല.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. കണ്ണിമല കുത്തിറക്കത്തില്‍വെച്ചായിരുന്നു അപകടം. തമിഴ്‌നാട്ടില്‍നിന്നും ശബരിമലയിലേക്ക് എത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. വാഹനം റോഡിനടുത്തുള്ള താഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
പരിക്കേറ്റ തീര്‍ത്ഥാടകരെ ഉടൻ തന്നെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിമലയിലെ ഇറക്കത്തിന് മുന്‍പായി പോലീസിന്റെ സേവനമുണ്ടെങ്കിലും വാഹനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നില്ല എന്ന ആരോപണം ഈ വിഷയത്തിൽ ഉയരുകയാണ്.
















