മലയാളികളുടെ ഇഷ്ട തെലുങ്ക് താരമാണ് അല്ലു അർജുൻ. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് അദ്ദേഹം. ഇപ്പോഴിതാ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെയും സ്നേഹയും മക്കളായ അല്ലു അർഹ ആണ് സോഷ്യൽ മീഡിയിലെ ചർച്ചാവിഷയം. അഞ്ചാം വയസ്സിൽ ‘യംഗസ്റ്റ് ചെസ് ട്രെയ്‌നർ’ക്കുള്ള നോബൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് സ്വന്തമാക്കിയിരിക്കുകയാണ് കുട്ടി താരം.

മുപ്പത് ചെസ്സ് പസിലുകൾ സോൾവ് ചെയ്തും അമ്പതിലധികം വിദ്യാർത്ഥികൾക്ക് ചെസ്സ് കളിയിൽ പരിശീലനം നൽകിയുമാണ് അല്ലു അർഹ ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് പരിശീലക എന്ന റെക്കോർഡ് മുൻപ് മഞ്ചു ലക്ഷ്മിയുടെ മകൾ വിദ്യാ നിർവാണയുടെ പേരിലായിരുന്നു. ആറാം വയസ്സിലാണ് വിദ്യാ നിർവാണ ഈ റെക്കോർഡ് സ്വന്തമാക്കിയത്. എന്നാൽ വിദ്യാ നിർവാണയെ മറികടന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് പരിശീലകയായി മാറുകയായിരുന്നു അല്ലു അർഹ. ശാകുന്തളം എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു അല്ലു അർഹ.
















