തിരുവനന്തപുരത്തു ഫുട്ബോൾ മത്സരത്തെ ചൊല്ലി തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. തൈക്കാട് അരിസ്റ്റോ ജങ്ഷനിൽ തോപ്പിൽ സ്വദേശി അലനെ (18) കുത്തിക്കൊന്ന സംഭവത്തിലെ തെളിവ് ആണ് പോലീസ് കണ്ടെടുത്തത്.
വ്യാഴാഴ്ചയാണ് ജഗതി പാലത്തിന് സമീപം പ്രതികൾ തമ്പടിക്കാറുള്ള ഷെഡിന് സമീപത്ത്നിന്ന് കത്തി കണ്ടെത്തിയത്. കൊലപാതക സമയത്തു പ്രതികൾ ഉപയോഗിച്ച വസ്ത്രവും ഇവിടെ നിന്ന് ലഭിച്ചു. കുത്താൻ ആയി ഉപയോഗിച്ച ആയുധം വാങ്ങിയ തകരപ്പറമ്പിലെ കടയിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു. കത്തി കൂടുതൽ തെളിവുകൾക്കായി ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെകിലും കുത്താൻ ഉപയോഗിച്ച ആയുധം പോലീസിനെ കണ്ടെടുക്കാൻ സാധിച്ചില്ല. ആയുധം കണ്ടെത്തിയാൽ കേസിൽ തിരിച്ചടിയാകുമെന്ന് അറിയാവുന്ന പ്രതികൾ ആയുധത്തെപ്പറ്റി പരസ്പരവിരുദ്ധമായ മൊഴികളാണ് പൊലീസിന് നൽകിയത്.
അറസ്റ്റ് ചെയ്ത സമയത്തു കുത്താൻ ഉപയോധിച്ച കത്തി എവിടെ എന്ന ചോദിച്ചപ്പോൾ കൂട്ടത്തിൽ ഉള്ള ഒരാൾ ആഴിമല ഭാഗത്ത് കടലിൽ ഉപേക്ഷിച്ചെന്നായിരുന്നു ആദ്യമൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ അവിടം മുഴുവൻ അന്വേഷിച്ചിരുന്നു. എന്നാൽ ശ്രമം വിഫലമായി. പിന്നീട് ചോദ്യം ചെയ്തപ്പോൾ ഒളിവിൽ കഴിഞ്ഞ സമയത്തു ആഴകം എന്ന സ്ഥലത്തെ ഒഴിഞ്ഞപറമ്പിൽ ഉപേക്ഷിച്ചതായി മൊഴിനൽകി. ബോംബ് സ്ക്വാഡ് അടക്കമുള്ളവരെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ആയുധം കണ്ടെത്താനായില്ല.
പിന്നീട് നെടുമങ്ങാട് ആര്യനാടുള്ള സുഹൃത്തിന്‍റെ വീട്ടില്‍ ഒളിപ്പിച്ചെന്നാണ് പ്രതികള്‍ പറഞ്ഞത്. അവിടെയും പരിശോധന നടത്തിയെങ്കിലും കത്തി ലഭിച്ചില്ല. പ്രതികളുമായി മലയിൻകീഴ്, ജഗതി, കാട്ടാക്കട, വിഴിഞ്ഞം എന്നീ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ആയുധവും വസ്ത്രവും പ്രതികളെ ഒളിവിൽകഴിയാൻ സഹായിച്ചവരെയും കണ്ടെത്താനായില്ല.
ഇതിന് ഇടയിൽ ഇവരെ കോടതിയിൽ കൊണ്ട് പോയി. അവിടുന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ഇതോടെ കത്തി ഒളിപ്പിച്ച സ്ഥലം പറയുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയും കാപ്പ കേസിലുള്‍പ്പെട്ട പ്രതിയുമായ ജഗതി സ്വദേശി അജിൻ എന്ന ജോബിയാണ് അലനെ കുത്തിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കി പ്രതികളെ ഉടൻ റിമാൻഡ് ചെയ്യും.
















