പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. എങ്ങും ഗംഭീര അഭിപ്രായങ്ങളാണ് ‘വിലായത്ത് ബുദ്ധ’യ്ക്ക് ലഭിക്കുന്നത്. ചിത്രത്തിൽ ഡബിൾ മോഹൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ ആഘോഷിച്ചത് ഷമ്മി തിലകൻ ചെയ്ത സ്കരൻ മാസ്റ്റർ എന്ന കഥാപാത്രത്തെ ആണ്. ഇപ്പോഴിതാ വിലായത്ത് ബുദ്ധയ്ക്ക് ശേഷം സിനിമയിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചതായി ഷമ്മി തിലകൻ പറയുന്നു.
“ഞാൻ ഓപ്പൺ ആയിട്ട് പറയുകയാണ്, ഇത് ഞാൻ പറയണം എന്ന വിചാരിച്ചതല്ല. വിലായത്ത് ബുദ്ധ എന്ന സിനിമയോട് കൂടി ഞാൻ വിരമിക്കുകയാണ്. വിആർഎസ് എടുക്കണം എന്ന് വിചാരിച്ചിരുന്ന ഒരു അവസ്ഥയിലാണ് ഞാൻ ഇപ്പോഴും. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുക എന്ന് പറയാറില്ലേ. ഈ സിനിമയിൽ ഉള്ള കോ ആർട്ടിസ്റ്റുകൾ, പ്രത്യേകം പറയുകയാണാമെങ്കിൽ പൃഥ്വിരാജ്. പല സിനിമയിൽ നിന്നും തിക്താനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ഞാൻ അഭിനയിക്കുന്ന സീനുകളിൽ കൂടെ നിൽക്കുന്ന നായകനായിക്കോട്ടെ, ആർട്ടിസ്റ്റ് ആയിക്കോട്ടെ, ഞാൻ പറയുന്ന ഡയലോഗിന് റിയാക്ഷൻ ഒന്നുമില്ലാതെ ഇങ്ങനെ നിൽക്കുക, എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് എന്നോട് നേരിട്ട് കാണിക്കുക, അഭിനയിക്കുമ്പോൾ റിയാക്ട് ചെയ്യാതെ ഇരിക്കുക എന്ന് പറയുന്നത് ശരിയല്ല.” ഷമ്മി തിലകൻ പറയുന്നു.
“പിന്നെ ഞാൻ എന്തിനാണ് ഈ പണി ചെയ്യുന്നത്? ഭാസ്കരൻ മാഷ് എന്ന വേഷം ഉണ്ടായത് തന്നെ, എനിക്ക് ഇത്രയും പ്രശംസ ലഭിക്കാൻ കാരണം പോലും നൂറ് ശതമാനം പൃഥ്വിരാജ് ആണെന്ന് ഞാൻ വിശ്വസിക്കുന്നു. പൃഥ്വിരാജിന്റെ സ്ഥാനത്ത് വേറെ നടനായിരുന്നെങ്കിൽ എന്നെ ഇത്രയും സ്‌കോർ ചെയ്യാൻ സമ്മതിക്കില്ല. പൃഥ്വിരാജിനെ പോലെ മനസ്ഥിതിയുള്ള നടന്മാർ വരട്ടെ ഞാൻ അഭിനയിക്കും. ദുൽഖർ രാജുവിന്റെ അതേപോലെ തന്നെയാണ്. ദുൽഖർ ഒരിക്കലും എന്നോട് അങ്ങനെയൊന്നും കാണിച്ചിട്ടില്ല. അത് ഞാൻ പറയാൻ വിട്ടുപോയി. അവരോട് രണ്ട് പേരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.” ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
















