കാക്കനാട്: മയക്കുമരുന്ന് വിൽപനക്കെത്തിയ യുവാവിനെ തൃക്കാക്കര പൊലീസ് പിടികൂടി. 12.83 ഗ്രാം എം.ഡി.എം.എയും 0.38 ഗ്രാം കഞ്ചാവും കൈവശംവെച്ച നിലയിലായിരുന്നു പ്രതി. തൃശൂർ സ്വദേശിയായ ലാറി ജോൺ തട്ടിൽ (37) ആണ് ഡാൻസാഫിന്റെ സഹകരണത്തോടെ പൊലീസ് നടത്തിയ റെയ്ഡിൽ പിടിയിലായത്.
കാക്കനാട് സാറ്റലൈറ്റ് ടൗൺഷിപ്പിലെ തേഡ് അവന്യൂവിൽ ബ്ലൂ ഡാർട്ട് പാർസൽ ഓഫിസിന് മുന്നിലെ റോഡിലാണ് ലാറി മയക്കുമരുന്ന് വിൽക്കാൻ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഥാർ വാഹനത്തിലാണ് ഇയാൾ എത്തിയിരുന്നത്. വിൽപ്പനയ്ക്കായി വാഹനത്തിൽ നിന്നാണ് പരിശോധന നടന്നത്.
ശരീരത്തിൽ ഒളിപ്പിച്ച സിപ്ലോക് കവറിൽ നിന്നാണ് എം.ഡി.എം.എ കണ്ടെത്തിയത്. കൂടാതെ വാഹനത്തിനുള്ളിൽ നിന്ന് കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. വിൽപനയ്‌ക്ക് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാർക്കോട്ടിക് സെൽ എസ്.ഐ വിനോജ്, തൃക്കാക്കര സർക്കിൾ ഇൻസ്പെക്ടർ എ.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതോടെ റിമാൻഡ് ചെയ്തു.
















