കർണാടകയിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന്, ഹൈക്കമാൻഡ് നിർദേശപ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തും. പ്രഭാതഭക്ഷണത്തിനായി ഡി.കെ. ശിവകുമാറിനെ സിദ്ധരാമയ്യ തൻ്റെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇരുനേതാക്കളും നടത്തിയ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. തർക്കങ്ങൾക്കിടയിലെ പരോക്ഷ വാക്പോരാട്ടങ്ങൾ നേതൃത്വത്തെ വലയ്ക്കുന്നുണ്ട്.
ഹൈക്കമാൻഡ് തീരുമാനം അന്തിമമാണെന്നും എന്ത് തീരുമാനവും അംഗീകരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
2004ൽ പ്രധാനമന്ത്രിയാകാനുള്ള അവസരം മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉപേക്ഷിച്ചത് ചൂണ്ടിക്കാണിച്ചായിരുന്ന ഡി.കെയുടെ പ്രതികരണം. സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാരിനൊപ്പം എപ്പോഴും തുടരണമെന്നും ഡി.കെ ജനങ്ങളോട് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ശക്തി ഒരാളുടെ വാക്ക് പാലിക്കുക എന്നതാണെന്ന് ഡി.കെയുടെ പരാമർശവും. അത് ഏറ്റുപിടിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണവുമെല്ലാം ഏറെ ചർച്ചയായിരുന്നു.
















