രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയൽ. ‘ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് മുഖപത്രം. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തിൽ ലേഖനമുള്ളത്. കോൺഗ്രസ് നേതാക്കൾ പരസ്യമായി തള്ളിപ്പറയുമ്പോഴാണ് മുഖപത്രം പിന്തുണ നൽകുന്നത്.
രാഹുലിനെതിരെ വ്യാജമായ ലൈംഗികാരോപണമാണുള്ളത്. സിപിഐഎം കഴുത്തോളം മാലിന്യത്തിൽ മുന്നിൽ നിൽക്കുന്നു. എന്നിട്ടും സിപിഐഎം കോൺഗ്രസിനെതിരെ സദാചാരപ്രസംഗം നടത്തുന്നുവെന്ന് എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു.
രാഹുലിൻ്റെ തലമുറയിൽപെട്ട ഒരു പറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് സിപിഎമ്മിന് ഭീതി പടർത്തിയിരിക്കുകയാണ്. രാഷ്ട്രീയ സർഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാർ വളർന്നുവന്നാൽ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. അപവാദങ്ങളിൽ പതറാതെയും വ്യക്തിഹത്യകളിൽ തളരാതെയും ജാഗ്രതയോടെ മുന്നോട്ട് പോവണമെന്നും മുഖപത്രത്തിൽ പറയുന്നു.
















