കൊയിലാണ്ടി: റഫ്രിജറേഷൻ തൊഴിൽ മേഖലയെ തകർക്കുന്ന രീതിയിൽ കോർപറേറ്റ് ഏജൻസികൾ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിരോധം രൂപപ്പെടുത്തേണ്ടതുണ്ടെന്ന് ഹീറ്റിംഗ് വെന്റിലേഷൻ എയർ കണ്ടീഷനിംഗ് & റെഫ്രിജറേഷൻ എംപ്‌ളോയ്‌സ് അസ്സോസിയേഷൻ (എച്ച് വി എ സി &ആർ)യുടെ പതിനൊന്നാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എയർകണ്ടീഷൻ മേഖലയിലെ തൊഴിലാളികളുടെ നിലനിൽപ്പിനും തൊഴിൽ സുരക്ഷയ്ക്കുമായുള്ള പോരാട്ടത്തിൽ സംഘടന മുൻനിരയിൽ നിൽക്കുമെന്ന് സമ്മേളനം വ്യക്തമാക്കിയിട്ടുണ്ട്.
കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാളിലാണ് സമ്മേളനം നടന്നത്. നരിപ്പറ്റ ഐ.ടി.ഐ പ്രിൻസിപ്പൽ എം. മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദീപേഷ് പി.ടി. അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി വി. പാർഥസാരഥി സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവു ചെലവു കണക്കുകൾ എ. അനിൽകുമാർ വിശദീകരിച്ചു. തുടർന്നു സംസ്ഥാന സെക്രട്ടറി കെ.ആർ. മനോജ്, റൂബി എസ് എന്നിവർ പ്രസംഗിച്ചു.
സഹായനിധി ഐഡി കാർഡ് വിതരണം സിദ്ദിഖ് അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഇൻഷുറൻസ് അവലോകനം കെ.എ. സുരേന്ദ്രൻ അവതരിപ്പിച്ചു. കോർപറേറ്റുകളുടെ അനിയന്ത്രിതമായ ഇടപെടലിനെതിരെ തൊഴിലാളികൾ ഏകോപിതമായി മുന്നോട്ട് വരണമെന്നും സർക്കാർ ഇടപെടൽ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
















