വടകര: വൈക്കിലശ്ശേരി പ്രദേശത്ത് ബിജെപിയുടെ പ്രചാരണ ബോർഡ് നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. ചോറോട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ബിജെപി സ്ഥാനാർഥി ആശാരി മീത്തൽ രാജീവന്റെ പ്രചാരണത്തിനായി വൈക്കിലശ്ശേരി കമ്മാടത്ത് ഭാഗത്ത് സ്ഥാപിച്ചിരുന്ന ബോർഡാണ് രാത്രിയുടെ മറവിൽ അജ്ഞാതർ നശിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മറ്റി വടകര പോലീസിൽ പരാതി നൽകി. സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നു.
തുടർന്ന് ബിജെപി വടകര മണ്ഡലം വൈസ് പ്രസിഡന്റ് എ.വി. ഗണേശൻ, മണ്ഡലം ട്രഷറർ വിനീഷ് പുതുപ്പണം, രജീഷ് കുളക്കോട്ട്, ശ്രീനേഷ് വൈക്കിലശ്ശേരി, ശശി കെ.കെ., ദിലീപ് എന്നിവർ സ്ഥലം സന്ദർശിച്ചു. സാമൂഹിക വിരുദ്ധരുടെ ഇത്തരം ഇടപെടലുകൾ തെരഞ്ഞെടുപ്പ് സംഘർഷത്തിന് വഴിയൊരുക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
















