നാദാപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാദാപുരം ഡിവൈഎസ്‌പി ഓഫീസിൽ വിളിച്ചുകൂട്ടിയ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗത്തിൽ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനങ്ങൾ എടുത്തു. ഇനി മുതൽ പ്രചാരണത്തിന്റെ കൊട്ടിക്കലാശം ടൗൺ ഭാഗത്ത് നടത്തുന്നത് ഒഴിവാക്കി, ഓരോ വാർഡിലും മാത്രം നടത്താനാണ് തീരുമാനിച്ചത്.
വോട്ടെണ്ണൽ ദിവസം വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസര പ്രദേശങ്ങളിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നത് നിരോധിച്ചു. വിജയാഘോഷങ്ങൾ വൈകുന്നേരം ആറുമണിവരെ വാർഡിന്റെ പരിധിയിൽ മാത്രം നടത്താവുന്നതാണ്.
ഈ നിർദേശങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരിലേക്കും എത്തിക്കുന്നതിന് പഞ്ചായത്ത് തല യോഗങ്ങൾ പോലീസിന്റെ നേതൃത്വത്തിൽ വീണ്ടും സംഘടിപ്പിക്കുമെന്നും തീരുമാനിച്ചു.
യോഗം നാദാപുരം ഡിവൈഎസ്‌പി എ. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൂടാതെ ടിഎം നിതീഷ് (നാദാപുരം ഇൻസ്പെക്ടർ), എസ്.ബി. കൈലാസ്‌നാഥ് (കുറ്റ്യാടി ഇൻസ്പെക്ടർ) എന്നിവർ പങ്കെടുത്തു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളായ വി.പി. കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, കരിമ്പിൽ ദിവാകരൻ, കുഞ്ഞിക്കണ്ണൻ പി.പി, രവീന്ദ്രൻ കെ.ടി, പി. ദാമു, എൻ.കെ. മൂസ, കെ.ടി.കെ. ചന്ദ്രൻ, സുഗതൻ ടി., കെജി ലത്തീഫ്, പി.പി. അശോകൻ, പി.സി. ഷൈജു എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
















