രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗക്കേസില്‍ യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് തെറ്റാണെന്ന് ആരോപിച്ചു കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് നേതാവ് പ്രതികരിച്ചത്. വിവാഹ ബന്ധം നാലു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ എന്ന അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് തെറ്റാണ്. മാസങ്ങളോളും തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. അവര്‍ ഇപ്പോഴും വിവാഹമോചിതരല്ല. താന്‍ വിവാഹത്തില്‍ പങ്കെടുത്ത ആളാണെന്നും സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
തനിക് അറിയാവുന്ന ഇത്രെയും കാര്യം തുറന്നു പറഞ്ഞില്ലെങ്കില്‍ കുറ്റബോധം വേട്ടയാടുമെന്നും അതുകൊണ്ടാണ് താൻ ഇത് ഇപ്പോൾ പറഞ്ഞതെന്നും സന്ദീപ് വാര്യര്‍ അറിയിച്ചു. പീഡനം ആരോപിച്ച യുവതിയുടെ വിവാഹത്തില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തിരുന്നതായി രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. രാഹുൽ ഈശ്വറിന്റെ ഈ വാദം ശരിവെച്ചുകൊണ്ടാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്.
രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമെന്ന് യുവതി മൊഴി നൽകിയതായി റിപ്പോർട്ടുകളിൽ ഉണ്ട്. വിവാഹിതയായ യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി താനല്ലെന്നും അവരുടെ ഭര്‍ത്താവാണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ഗര്‍ഭച്ഛിദ്രം അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തതെന്നും രാഹുല്‍ വാദിക്കുകയുണ്ടായി. അതേസമയം രാഹുലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണ് താനെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
പ്രിയപ്പെട്ട രാഹുൽ ഈശ്വർ, എന്നെ അഭിസംബോധന ചെയ്ത് താങ്കൾ യൂട്യൂബിൽ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസിൽ , പ്രത്യേകിച്ച് ഒരു പെൺകുട്ടി നൽകിയിരിക്കുന്ന കേസിൽ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ പോലും സത്യം പറയാൻ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്.
താങ്കൾ യൂട്യൂബിൽ പറഞ്ഞതുപോലെ ആ വിവാഹത്തിൽ ഞാൻ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു . ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്.
ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ് .
എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ….
















