പ്രമുഖ മലയാള സംവിധായകൻ കമലിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് നടൻ ഷൈൻ ടോം ചാക്കോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. കമലിന്റെ ചിത്രത്തിനൊപ്പം ‘സ്നേഹപൂക്കൾ’ എന്നെഴുതി റോസാപ്പൂക്കളുടെ ഇമോജിക്കൊപ്പമാണ് നടൻ ജന്മദിനാശംകൾ നേർന്നുകൊണ്ട് പങ്കുവച്ചത്. കൂടെ ‘ഹാപ്പി ബർത്ത്ഡേ കമൽ സർ’ എന്നും എഴുതിയിട്ടുണ്ട്. എന്നാൽ ആരാധകർ പോസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ്. ഷൈൻ പങ്കുവച്ച പോസ്റ്റ് നിമിഷ നേരത്തേക്കെങ്കിലും വായനക്കാരെ ഞെട്ടിച്ചു. ഷൈനിന്റെ പോസ്റ്റിനു നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
പെട്ടെന്ന് പോസ്റ്റ് കണ്ടപ്പോൾ ഞെട്ടിപ്പോയെന്ന് ആരാധകർ കുറിച്ചു. ‘ഓർമപ്പൂക്കൾ’ എന്ന് തെറ്റി വായിച്ചു എന്നും ആരാധകർ പോസ്റ്റിന് കമന്റ് ചെയ്യുന്നുണ്ട്. പോസ്റ്റ് കണ്ട് കമൽ പോലും അമ്പരന്നു കാണും എന്നും ആരാധകർ പറയുന്നു. സമൂഹമാധ്യമങ്ങളിൽ നിറയെ ട്രോളുകളാണ് ഷൈനിന്റെ പോസ്റ്റിന് ലഭിക്കുന്നത്.
സംവിധായകൻ കമലിന്റെ 68–ാം പിറന്നാളാണ് കഴിഞ്ഞത്. സിനിമാ മേഖലയിലെ പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു. കമലിന്റെ അസിസ്റ്റന്റ് ആയാണ് ഷൈൻ ടോം സിനിമയിലേക്ക് എത്തുന്നത്. ഷൈൻ ടോമിനെ അസിസ്റ്റന്റ് ആക്കിയ കഥ കമൽ പങ്കുവച്ചിരുന്നു.
കമലിന്റെ വാക്കുകൾ: ‘‘ഷൈൻ ടോം ചാക്കോ ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ ആ കുടുംബവുമായി വളരെ അടുത്ത ബന്ധം എനിക്കും എന്റെ കുടുംബത്തിലും ഉണ്ടായിരുന്നു. കുറച്ചുകാലം അവരുടെ അയൽവാസികളായിരുന്നു ഞങ്ങൾ. അവിടെനിന്ന് താമസം മാറിക്കഴിഞ്ഞ് കുറേക്കാലം അവരെ കണ്ടിട്ടില്ല. പിന്നീടൊരിക്കൽ ഞാൻ തൃശൂരിൽ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ് വീണ്ടും ഷൈനിനെയും കുടുംബത്തെയും കാണുന്നത്. അന്ന് ഷൈന്‍ പത്തിലാണ് പഠിക്കുന്നത്. ഷൈനിനു സിനിമയോട് വളരെ താത്പര്യമുണ്ടെന്ന് ഷൈനിന്റെ അച്ഛൻ എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞത് പഠനം കഴിയട്ടെ എന്നാണ്.
ഷൈൻ പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് വീണ്ടും എന്നെ വന്നു കണ്ടു സിനിമയിൽ പ്രവർത്തിക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നീ പോയി ഡിഗ്രി ഒക്കെ പൂർത്തിയാക്കിയിട്ടു വരൂ. പിന്നീട് ‘നമ്മൾ’ എന്ന സിനിമ ചെയ്യുമ്പോൾ തൃശൂരുള്ള ലൊക്കേഷനിലേക്ക് ഷൈൻ വന്നു. സിനിമ പഠിക്കാൻ അനുവദിക്കണം, തനിക്കൊന്നും തരേണ്ട എന്നൊക്കെ പറഞ്ഞു, അങ്ങനെ ഷൈനിനോട് ഞങ്ങളുടെ സെറ്റിൽ കൂടിക്കൊള്ളാൻ ഞാനും സമ്മതിച്ചു. അവിടെയായിരുന്നു സിനിമയിലേക്കുള്ള ഷൈനിന്റെ എൻട്രി.’’
















