മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘കളങ്കാവൽ’. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനായകനാണ്. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് വിനായകൻ എത്തുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടൻ വിനായകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖത്തിലാണ് വിനായകന്‍ മനസ്സു തുറന്നത്.
വിനായകന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘മമ്മൂക്ക തന്നെ പറയുന്നു വിനായകനെ വെച്ച് ചെയ്യിക്കാമെന്ന്… ജന്മത്തിലെ ഭാഗ്യങ്ങളാണിതെല്ലാം. മമ്മൂക്കയുടെ ഓപ്പോസിറ്റ് കഥാപാത്രമായി ഇത്രയും വലിയ സിനിമയൊക്കെ ചെയ്യുക എന്നുപറയുന്നത് ഭാഗ്യമാണ്. വളരെ എളുപ്പമാണ് മമ്മൂക്കയുമായി വർക്ക് ചെയ്യാൻ! പുറത്ത് ആളുകൾ പറയുന്ന പോലെയല്ല. ഭയങ്കര ഈസിയാണ്! സർ സൂപ്പർ സീനിയർ അല്ലേ? അദ്ദേഹത്തിന് അറിയാം. അതിന് ഞാൻ സാറിനോട് നന്ദി പറയുന്നു. ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു. ബോഡി ലാംഗ്വേജ് അദ്ദേഹം വരുന്നതിന് മുൻപെ കുറെ ഞാൻ പിടിച്ചിട്ടുണ്ടായിരുന്നു. ഡയലോഗ് സർ വന്നിട്ടാണ് ചെയ്തത്. സാറിന് ഇതിൽ വലിയ അനുഭവപരിചയം ഉണ്ടല്ലോ. അത്രയൊന്നും പറയണ്ട അല്ലെങ്കിൽ ഇത്രയും പറയണം എന്നൊക്കെയുള്ള നിർദേശങ്ങൾ വളരെയധികം ഉപകരിച്ചു.’
ചിത്രത്തില്‍ വിനായകന്‍ നായകനോ അതോ വില്ലനോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ‘മമ്മൂക്കയുടെയും തന്‍റെയും കഥാപാത്രങ്ങളുടെ സ്വഭാവം ഒന്നാണ്. സര്‍ (മമ്മൂട്ടി) ചെയ്യുന്ന കഥാപാത്രത്തിന് സാറിന്‍റേതായ സത്യങ്ങളുണ്ട്. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന് എന്‍റേതായ സത്യങ്ങളുമുണ്ട്. പക്ഷേ ഞാനൊരു സിസ്റ്റത്തിന്‍റെ ആളാണ്. മറ്റേതൊരു ഫ്രീഡത്തിന്‍റെ എക്സ്ട്രീം വേരിയേഷന്‍സാണ് ‘ നിറയെ സസ്പെന്‍സുകള്‍ ഒളിപ്പിച്ചുവച്ച് വിനായകന്‍ പറഞ്ഞു.
കളങ്കാവലിലെ തന്റെ കഥാപാത്രം ഒട്ടും ലൗഡ് അല്ലെന്നും വിനായകൻ വ്യക്തമാക്കി. ‘വിനായകന്റെ കയ്യും കാലുമൊക്കെ കെട്ടിക്കളഞ്ഞു ജിതിൻ (സംവിധായകൻ). അങ്ങനെയൊന്നും ചെയ്യണ്ട ചേട്ടൻ എന്ന് കൃത്യമായി പറയും. എന്നെ ലൗഡ് ആക്കിയിട്ടില്ല. എനിക്ക് ലൗഡ് ആയി അഭിനയിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ പിടിച്ചു നിറുത്തി അഭിനയിക്കുന്നത് കുറച്ച് സ്ട്രെയിൻ ആണ്. എന്നെ വളരെ വലുതായ രീതിയിൽ കമാൻഡ് ചെയ്ത് നിറുത്തിയിട്ടുണ്ട്. ബോഡി ലാംഗ്വേജ് വളരെ പവർഫുൾ ആയിരിക്കും. ഡ്രസ് പൊലീസിന്റേത് അല്ല. ക്രൈം ബ്രാഞ്ച് ആണ്. ഈ കോൺട്രാസ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു. പൊലീസ് യൂണിഫോം ഇടാതെ പൊലീസ് ആയി ചെയ്യുന്നു. അതായിരുന്നു ഇഷ്ടപ്പെട്ടത്,’ വിനായകൻ പറഞ്ഞു.
സിനിമകളുടെ ഇടവേളകളിൽ പൊതുഇടങ്ങളിൽ നിന്ന് അപ്രത്യക്ഷനാകുന്നതിനെക്കുറിച്ചും വിനായകൻ മനസ്സു തുറന്നു. ‘സിനിമ, സിനിമയുടെ ബിസിനസ് അതാണ് ഞാൻ മെയിൻ ആയിട്ട് നോക്കാറുള്ളത്. എനിക്ക് ജനങ്ങളോട് സംസാരിക്കാൻ അറിയില്ല, ഒന്നും ഉൾക്കൊള്ളാൻ പറ്റണം എന്നില്ല. പൊതുവേദിയിൽ സംസാരിക്കാൻ അറിയില്ല. അതെല്ലാം എന്റെ കുറെ പ്രശ്നങ്ങൾ കാരണമാണ്. അതൊന്നും പബ്ലിക് ആയിട്ട് വന്നു കാണിക്കണ്ട എന്ന് കരുതിയാണ് പൊതുവേദികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത്. താല്പര്യമില്ല എന്നല്ല താല്പര്യമുണ്ട്, പക്ഷേ പറ്റുന്നില്ല. പത്തു പേർ നിൽക്കുമ്പോൾ രണ്ടുപേർ എന്നെ തോണ്ടും, എന്റെ സ്വഭാവം അനുസരിച്ച് ഞാൻ എന്തെങ്കിലും പറയും. പിന്നെ അത് പ്രശ്നമാകും. അതിനേക്കാൾ ഏറ്റവും നല്ലത് വീട്ടിൽ ഇരിക്കുക എന്നതാണ്. ഇടയ്ക്ക് ഞാൻ ഗോവയിൽ പോയി താമസിക്കാറുണ്ട്. അവിടെ എനിക്ക് സ്കൂട്ടർ ഓടിച്ച് പുറത്തു സഞ്ചരിക്കാം, ആരും എന്നെ അറിയുന്നില്ല. ചിലർക്കൊക്കെ അറിയാമായിരിക്കും പക്ഷേ, അവിടുത്തെ ആളുകൾ വേറെ ഒരു രീതിയാണ്. ശാന്തരാണ് എന്നാൽ ഡൈനാമിക്‌സും ഉണ്ട്. എനിക്ക് അതാണ് ഇഷ്ടം. ഇവിടെ ആകുമ്പോൾ രണ്ടിനും ഇടയ്ക്ക് നിൽക്കേണ്ടി വരും എനിക്കത് വയ്യ. വിനായകൻ എന്ന വ്യക്തിക്ക് ഒരു സ്വകാര്യത വേണം,’ വിനായകൻ പറഞ്ഞു.
‘ഞാൻ എന്റെ കരിയർ തുടങ്ങുന്നത് ഒരു സ്റ്റേജ് ഡാൻസ് പെർഫോമർ ആയിട്ട് ആയിരുന്നു. അവിടുന്നാണ് തമ്പി കണ്ണന്താനം സർ എന്നെ മാന്ത്രികം എന്ന സിനിമയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തെ ഞാൻ ഒരിക്കലും മറക്കില്ല. ഞാൻ ഒരു ഫ്രീ സ്റ്റൈൽ ഡാൻസർ ആയിരുന്നു. പക്ഷേ ഫയർ ഡാൻസാണ് എപ്പോഴും ചെയ്തുകൊണ്ടിരുന്നത്. തമ്പി സർ ആണ് എന്റെ ഗോഡ്ഫാദർ. ഞാൻ ഒരു പെർഫോർമർ ആണ്. എനിക്ക് മുമ്പിൽ ആളില്ലെങ്കിലും ഡാൻസ് ചെയ്യാം. മുമ്പിൽ ആളുകൾ ഉണ്ടെങ്കിൽ അവരുടെ ഐ കോൺടാക്ട് വരുന്നത് എനിക്ക് ഭയങ്കര പ്രശ്നമാണ്. ഫങ്ക്ഷനിലൊക്കെ ഡാൻസ് ചെയ്യുമ്പോൾ ആൾക്കാരുടെ ഐ കോണ്ടാക്ട് വരും എനിക്കത് നേരിടാൻ അറിയില്ല. ഞാൻ ഇന്നും എന്നെ ഒരു സെലിബ്രിറ്റി ആയിട്ട് കണ്ടിട്ടില്ല അതാണ് വാസ്തവം.’
‘ശരിക്കും എനിക്ക് ആൾക്കൂട്ടത്തെ കാണുന്നത് ഇഷ്ടമല്ല. അതാണ് ഞാൻ പൊതുവേദികളിലും ആൾക്കാരുടെ ഇടയിലേക്കും വരാത്തത്. ആളുകളുടെ ഇടയിൽ എത്തുമ്പോൾ എനിക്ക് എന്നെത്തന്നെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. അത് ശരിക്കും എന്റെ പ്രശ്നമാണ്. പുറത്തിറങ്ങുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും, അതാണ് അതിന്റെ യഥാർത്ഥ സത്യം അല്ലാതെ ഞാൻ നാട്ടുകാരെ വിട്ടിട്ട് ഓടുന്നതല്ല. എനിക്ക് എന്നെത്തന്നെ കൺട്രോൾ ചെയ്യാൻ അറിയില്ല. എന്റെ ഒരു കഴിവുകേടാണത്. അതിനെ അങ്ങനെ കണ്ടാൽ മതി. അല്ലാതെ ആരോടും ദേഷ്യമില്ല.” വിനായകൻ പറയുന്നു.
















