മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. സിദ്ധരാമയ്യയുടെ വസതിയിൽ ഇരുവരും ഒരുമിച്ചാണ് പ്രഭാതഭക്ഷണം കഴിച്ചത്. പ്രഭാതഭക്ഷണത്തിന് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും ഭാവിയിലും അതുണ്ടാകില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, നേതാക്കൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിൻ്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
പ്രഭാതഭക്ഷണം നന്നായിരുന്നു. ഞങ്ങള്‍ അവിടെ മറ്റൊന്നും സംസാരിച്ചില്ല. ഞങ്ങള്‍ ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തത്. ഡി.കെ.എസ്. ഇന്ന് ഞങ്ങളുടെ വീട്ടില്‍ വന്നു, എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു, അത്രയേ ഉണ്ടായുള്ളൂ. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ല.
2028-ലെ തിരഞ്ഞെടുപ്പാണ് ഞങ്ങളുടെ അജണ്ട. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രധാനമാണ്. ഞങ്ങള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. 2028-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഒരുമിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ല.- മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം വിഷയം ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉടൻ ഡൽഹിയിൽ യോഗം ചേരും.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇരു നേതാക്കളും തമ്മിൽ മുഖ്യമന്ത്രി പദവിയുടെ കൈമാറ്റത്തെ ചൊല്ലി ഇടഞ്ഞുനിൽക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2023ൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ സിദ്ധരാമയ്യയാണ് കോൺഗ്രസ് മുഖ്യമന്ത്രി കസേരയിൽ തുടരുന്നത്.
രണ്ടര വർഷത്തിന് ശേഷം ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം കൈമാറാമെന്നായിരുന്നു ഇരു വിഭാഗങ്ങളും തമ്മിൽ നേരത്തെ എത്തിയ ഉടമ്പടി. ഇതിൽ ഉടൻ തീരുമാനമായില്ലെങ്കിൽ കർണാടക കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുമെന്ന് ഡി.കെ. ശിവകുമാർ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. തുടർന്നാണ് കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഇരുവരേയും അനുനയിപ്പിച്ചത്.
















